Jess Varkey Thuruthel
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്നും 21 ആക്കുന്നത് സമ്മതമല്ലെന്ന് കേന്ദ്രത്തോട് കേരളം അറിയിച്ചു കഴിഞ്ഞു. വോട്ടവകാശത്തിനുള്ള പ്രായം 18 വയസാണെന്നു ചൂണ്ടിക്കാട്ടിയാണ് വിവാഹ പ്രായവും 18 തന്നെ ആക്കണമെന്ന കേരളത്തിന്റെ ഈ അഭിപ്രായത്തിനു പിന്നില്‍.
എന്നാല്‍, വോട്ടു ചെയ്തു സ്വന്തം ഭരണകര്‍ത്താക്കള്‍ ആരെന്നു തീരുമാനിക്കുന്ന അതേ ലാഘവത്തോടെ, സ്വന്തം ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുമോ? വോട്ടവകാശം വിനിയോഗിച്ചതു പിഴച്ചു പോയാല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടത് ജനങ്ങള്‍ ഒന്നടങ്കമാണ്. പക്ഷേ, സ്വന്തമായി നിലനില്‍പ്പില്ലാതെ, വരുമാനമില്ലാതെ, ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലാത്ത പ്രായത്തില്‍ വിവാഹിതയായാല്‍, ആ ജീവിതം പരാജയപ്പെട്ടാല്‍ അനുഭവിക്കേണ്ടത് ആ സ്ത്രീ മാത്രമാണ്. പിന്നെ അവര്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങളും. ഇത്തരത്തില്‍ അരക്ഷിതമായ കുടുംബങ്ങളില്‍ വളരുന്ന കുഞ്ഞുങ്ങള്‍ക്കു നഷ്ടമാകുന്നത് അവരുടെ നിറമാര്‍ന്ന കുട്ടിക്കാലവും ജീവിതവുമാണ്. അതിന് എന്തുമറുപടിയുണ്ട് സര്‍ക്കാരിന്??
കേരളത്തിലെ സ്ത്രീകളുടെ ശക്തി തെളിയിക്കുന്നതിനായി വനിതാ മതില്‍ തീര്‍ത്ത സര്‍ക്കാരാണിത്. ആരെ ബോധ്യപ്പെടുത്തുവാനാണ് ഇവര്‍ ഈ പ്രഹസനങ്ങള്‍ നടത്തുന്നത്?
2015-2016 ലെ ദേശീയ കുടുംബാരോഗ്യസര്‍വ്വേ പ്രകാരം ഇന്ത്യയില്‍ മൂന്നിലൊന്നു സ്ത്രീകള്‍ (33 ശതമാനം) പങ്കാളിയില്‍ നിന്നും ലൈംഗികമോ മാനസികമോ ശാരീരികമോ ആയ പീഡനങ്ങള്‍ നേരിടുന്നവരാണ്. തങ്ങള്‍ക്കു താല്‍പര്യമില്ലാതിരുന്നിട്ടും പങ്കാളിയുടെ നിര്‍ബന്ധപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ 7 ശതമാനമായിരുന്നു.
ഭാര്യ മറ്റു പുരുഷന്മാരുമായി സംസാരിക്കുന്നതു പോലും സഹിക്കാന്‍ കഴിയാത്ത നിരവധി ഭര്‍ത്താക്കന്മാരുണ്ട്്. ശാരീരികമോ മാനസികമോ ആയ അതി പീഡനങ്ങളോ കുറ്റപ്പെടുത്തലുകളോ ആയിരിക്കും ഇതിനു പകരമായി സ്ത്രീകള്‍ക്ക് സഹിക്കേണ്ടി വരിക. ഭാര്യയ്ക്കു മേല്‍ അതികഠിനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, പണം കൈകാര്യം ചെയ്യാന്‍ അനുവദിക്കാതിരിക്കുക, സദാ കുറ്റപ്പെടുത്തുക, തുടങ്ങിയവയെല്ലാം ജോലിയുള്ളവര്‍ പോലും സഹിക്കേണ്ടി വരുന്നു.
കേരളത്തില്‍, വിവാഹിതരായ 3.8 ശതമാനം സ്ത്രീകള്‍ ഭര്‍തൃ ബലാത്സംഗത്തിന്റെ ഇരകളാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വേ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരള സാമൂഹിക ക്ഷേമ ബോര്‍ഡിന്റെ കണക്കു പ്രകാരം 2015 – 2018 കാലഘട്ടത്തില്‍ 18,378 ഗാര്‍ഹിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവയില്‍ 2482 പേര്‍ ഭര്‍തൃബലാത്സംഗത്തിന് ഇരയായി. ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവുമായ പല പീഡനങ്ങളും പുറത്തു പറയാന്‍ മടിക്കുന്നവരാണ് സ്ത്രീകള്‍. ഇതു തങ്ങള്‍ അനുഭവിക്കേണ്ടവരാണെന്നും ഈ പീഡനങ്ങള്‍ സഹിച്ചും കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ തനിക്കു മാത്രമേ കഴിയുകയുള്ളുവെന്നും അതിനാലാണ് ഈ പുരുഷനെ തനിക്കു തന്നെ ലഭിച്ചതെന്നും മതങ്ങളും ഇവരോടു പറഞ്ഞു വയ്ക്കുന്നു.
വൈവാഹിക ബലാത്സംഗങ്ങള്‍ ഒരു പരിധി വരെ ഈ സമൂഹവും നിയമങ്ങളും അംഗീകരിക്കുകയാണ് ചെയ്യുന്നത്. കുടുംബമാകുമ്പോള്‍ ഇങ്ങനെയെല്ലാം നടക്കുമെന്നും തങ്ങളെല്ലാം എന്തുമാത്രം സഹിച്ചാണ് ഇത്രത്തോളമെത്തിയതെന്നുമുള്ള ഉപദേശങ്ങള്‍ മറുവശത്ത്. ഉപദ്രവങ്ങളില്‍ നിന്നും രക്ഷനേടി വിവാഹ മോചനം നേടുന്നവരെ കാത്തിരിക്കുന്ന സമൂഹത്തിന്റെ കഴുകന്‍ കണ്ണുകള്‍.
മക്കള്‍ക്ക് അച്ഛനില്ലാതാകും, ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതാകും പെണ്ണിനു തനിയെ ഒന്നും ചെയ്യാനാവില്ല, വിവാഹമോചനം നേടിയ സ്ത്രീയുടെ മക്കളെ ആരു വിവാഹം കഴിക്കാനാണ്, നല്ല കുടുംബത്തില്‍ നിന്നും അവര്‍ക്ക് പങ്കാളിയെ കിട്ടുമോ തുടങ്ങിയ സമൂഹത്തില്‍ നിന്നും ഉറ്റവരില്‍ നിന്നുമുയരുന്ന നിരവധി ചോദ്യങ്ങള്‍ക്കു മുന്നില്‍ അടിപതറിപ്പോകുകയാണ് സ്ത്രീകള്‍.
തങ്ങള്‍ മാനസികമായോ ശാരീരികമായോ രോഗാവസ്ഥയില്‍ ആയിരുന്നാല്‍പ്പോലും ഭര്‍ത്താവിന് ലൈംഗികത നിഷേധിക്കരുതെന്നു വിശ്വസിക്കുന്ന 42.5 ശതമാനം സ്ത്രീകളാണ് ഇന്നു കേരളത്തില്‍ ഉള്ളത്. ലൈംഗിക ബന്ധത്തിനു വിസമ്മതിക്കുന്ന ഭാര്യയെ അടിക്കാനോ മര്‍ദ്ദിക്കാനോ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കേരളത്തിലെ 13.7 ശതമാനം പുരുഷന്മാരും കരുതുന്നു. വിദ്യാഭ്യാസവും നവോത്ഥാനവും കൊടുമുടിയിലായിട്ടും ഇവയൊന്നും കേരളത്തിലെ മനുഷ്യരെ സ്വാധീനിച്ചിട്ടില്ലെന്നു വേണം കരുതാന്‍.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, സ്വന്തമായി ജോലി ചെയ്തു സമ്പാദിക്കുന്ന ഒരു സാഹചര്യമുണ്ടായ ശേഷം വേണം ഓരോ പെണ്ണും വിവാഹം കഴിക്കാന്‍. വിവാഹ ജീവിതം പിഴച്ചു പോയാല്‍ അവള്‍ക്കു തല ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും ജോലി അത്യന്താപേക്ഷിതമാണ്. 18 വയസില്‍ വിവാഹം കഴിപ്പിച്ചയച്ചാല്‍ പിന്നെയവള്‍ ആ കെട്ടില്‍ നിന്നും രക്ഷപ്പെടില്ല. രക്ഷപ്പെടാന്‍ ഈ സമൂഹമവളെ അനുവദിക്കില്ല. എത്രയേറെ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നാലും മരണം മാത്രമാകും അവളുടെ മുന്നിലുള്ള ഏക പോംവഴി. ഈ അവസ്ഥയിലേക്ക് ഓരോ സ്ത്രീ ജീവിതത്തെയും തള്ളിയിടുന്നതാണോ ഇടതുപക്ഷം വിഭാവനം ചെയ്യുന്ന അതിമഹത്തായ സ്ത്രീ ശാക്തീകരണം?