കുടിച്ചു കൂത്താടുക, പുകവലിച്ചു തള്ളുക, അറപ്പുളവാക്കും വിധം വാരി വലിച്ചു തിന്നുക, കണ്ടിടത്തെല്ലാം വാളു വയ്ക്കുക, കുടിച്ചു മറിഞ്ഞ് ബോധം കെട്ടുറങ്ങുക, കൂടെയൊരു വാണിംഗും. മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരം. ഇത്രയുമായാല്‍ സമൂഹത്തോടുള്ള പ്രതിബദ്ധതയായി എന്നാണ് സിനിമക്കാര്‍ പറഞ്ഞു വയ്ക്കുന്നത്.
മനുഷ്യജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന, ജീവാംശമുള്ള ധാരാളം മലയാള സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുമുണ്ട്. പക്ഷേ, ഇപ്പോഴത്തെ പല സിനിമകളിലും നിറഞ്ഞു നില്‍ക്കുന്നതു മദ്യമാണ്, അതിന്റെ പ്രോത്സാഹനമാണ്. മനുഷ്യരെ ഏറ്റവുമധികം സ്വാധീനിക്കാന്‍ ശേഷിയുള്ളൊരു മാധ്യമമാണ് സിനിമ. പക്ഷേ ചില സിനിമാക്കാര്‍ മനുഷ്യമനസുകളിലേക്കെത്തിക്കുന്ന സന്ദേശമിതാണ്. സങ്കടം വന്നാലും സന്തോഷം വന്നാലും കുടിച്ചാഘോഷിക്കണം, വാളു വയ്ക്കണം. എവിടെയെങ്കിലും കിടന്നുറങ്ങണം.
നൂറുകോടിയിലേക്കു പ്രവേശിക്കുന്ന പ്രേമലുവിന്റെ വാഴ്ത്തലുകള്‍ കേട്ട് ചെവികള്‍ രണ്ടും കൊട്ടിയടച്ച് ഇരിക്കുമ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ആരവങ്ങള്‍. പ്രേമലുവിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ചിരി നിറുത്താനാവില്ല എന്ന അപാര തള്ളും സിനിമ കണ്ടില്ലെങ്കില്‍ വന്‍ നഷ്ടമെന്ന പ്രചാരണവും കണ്ട് പോയതാണ്. ഏതാനും ഇടങ്ങളിലുള്ള ചിരിയല്ലാതെ മറ്റൊന്നും ആ സിനിമയ്ക്ക് അവകാശപ്പെടാനില്ല. എന്നിട്ടും തള്ളിത്തള്ളി അതും നൂറു കോടിയിലേക്കു പ്രവേശിച്ചിരിക്കുന്നു. നല്ലത്, സിനിമയെടുക്കുന്നത് വിജയിക്കാന്‍ വേണ്ടിയാണല്ലോ. അല്ലാതെ പരാജയപ്പെടണമെന്ന് ആഗ്രഹിച്ച് ആരും ഒന്നും ചെയ്യാറില്ലല്ലോ. യൗവനത്തിലേക്കു കാലെടുത്തു വച്ച നായകന്‍. അവനും ആശ്രയം മദ്യമാണ്.
മലയാള സിനിമകള്‍ നായകനാക്കിയിരിക്കുന്ന മദ്യത്തെയാണ് ജയമോഹന്‍വിമര്‍ശിച്ചത്. മലയാള സിനിമകളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രമാക്കിയ ലഹരി അടിമകളുടെ ഒരു സംഘമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മദ്യത്തെയും മദ്യപിച്ചു വാളുവയ്ക്കുന്നതിനെയും അതിനുശേഷമുള്ള പേക്കൂത്തുകളെയും അവര്‍ മഹത്വവത്കരിക്കുന്നു.
മൂന്നാറില്‍, നീലക്കുറിഞ്ഞി പൂത്തപ്പോള്‍, സഞ്ചാരികളുടെ ഒഴുക്കായിരുന്നു അവിടേക്ക്. പക്ഷേ, അവര്‍ പോയ വഴികളിലെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു പല തരത്തിലുള്ള മാലിന്യങ്ങളും കുമിഞ്ഞുകൂടി. വനമേഖലയിലൂടെ യാത്ര ചെയ്യുമ്പോള്‍ കാണുന്ന സ്ഥിരം കാഴ്ചയാണ് ഒഴിഞ്ഞ മദ്യക്കുപ്പികളും വെള്ളക്കുപ്പികളും പ്ലാസ്റ്റിക്കുമെല്ലാം വലിച്ചെറിഞ്ഞിരിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യത്തെ എങ്ങനെ പരിപാലിക്കണമെന്ന് ഇവിടെ ആരും പഠിക്കുന്നില്ല, നിയമങ്ങള്‍ പാലിക്കുന്നുമില്ല. നിയമലംഘനമാണ് ഏറ്റവും വലിയ ഹീറോയിസം എന്നു പാടിപ്പുകഴ്ത്തുന്ന, അങ്ങനെയുള്ള നായകരെ വാഴ്ത്തുന്ന സിനിമകള്‍ ധാരാളമുള്ളപ്പോള്‍ അവയുടെ ആരാധകരെങ്ങനെ വ്യത്യസ്ഥരാകും?
വലിച്ചെറിയുന്ന കുപ്പിയും പ്ലാസ്റ്റിക്കും ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ പ്രകൃതിയെ നശിപ്പിക്കുകയാണെന്നും മൃഗങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും സര്‍വ്വ നാശം വരുത്തുകയാണെന്നും ഈ മദ്യപസംഘത്തെ എങ്ങനെ മനസിലാക്കിക്കാനാണ്? കുടിച്ചു കൂത്താടി ബലാത്സംഗവും ചെയ്ത്, പരാതികൊടുക്കുന്നവരെ ഭീഷണിപ്പെടുത്തി പണത്തിന്റെ ഹുങ്കും കാണിച്ച് കേസില്‍ നിന്നും തലയൂരി അര്‍മ്മാദിച്ചു നടക്കുന്നു ഇവര്‍.
കാടിനുള്ളിലേക്കു പ്രവേശിക്കുമ്പോള്‍ നമ്മള്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് എത്ര പേര്‍ക്കറിയാം? വനത്തിലൂടെയുള്ള ഏതു സഞ്ചാരപാതയിലൂടെ യാത്ര ചെയ്താലും വരവേല്‍ക്കുന്നത് ഒഴിഞ്ഞ മദ്യക്കുപ്പികളാണ്. കാടിനുള്ളിലൂടെ യാത്ര ചെയ്യുമ്പോള്‍ അമിത വേഗം പാടില്ല, ഹോണ്‍ പോലുമടിക്കരുത് എന്നാണ് നിയമം. പക്ഷേ, അട്ടഹാസവും അലര്‍ച്ചയും ചെവിതുളയ്ക്കുന്ന ഹോണും അമിത വേഗവുമെല്ലാമാണ് നമുക്കു കാണാനാവുക.
മഞ്ഞുമ്മല്‍ ബോയ്സ് പറഞ്ഞത് സാധാരണക്കാരന്റെ കഥയാണ്, അതാണ് ജയമോഹനെ പ്രകോപിപ്പിച്ചത് എന്നാണ് വിമര്‍ശനം. അയാള്‍ സംഘിയായതിനാല്‍ സാധാരണക്കാരെ കണ്ണില്‍ പിടിച്ചില്ലത്രെ! മദ്യപിച്ചു കൂത്താടി പേക്കൂത്തു കാണിക്കുന്ന നായകരെയും സിനിമക്കാരെയുമാണ് അദ്ദേഹം വിമര്‍ശിച്ചത്. പറയുന്നത് ആരായാലും പറയുന്നതില്‍ സത്യമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ പറഞ്ഞവരുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കി വലിച്ചു കീറുകയല്ല.
………………………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
............................................................................................................ തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ : https://whatsapp.com/channel/0029Va8AepO0bIduqnOKHH47