ഉരുള്‍പൊട്ടല്‍: ഭീതിയുടെ താഴ്വാരങ്ങള്‍

GR Santhosh Kumar

വയനാട്ടിലെ ഉരുള്‍പൊട്ടലിലെ (landslide in Wayanad) ഭീതിക്കൊപ്പം തന്നെ കാരണങ്ങളും കൈയ്യേറ്റങ്ങളും ചര്‍ച്ചയാവുകയാണ്, ഒപ്പം മാധവ് ഗാഡ്ഗില്‍ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും. ദുരന്തമുഖത്തു നില്‍ക്കുമ്പോഴല്ല ഇവ ചര്‍ച്ചയാകേണ്ടതെന്നും ഇപ്പോള്‍ വേണ്ടത് രക്ഷാപ്രവര്‍ത്തനമാണെന്നും വാദിക്കുന്നവരുണ്ട്. ഈ ചര്‍ച്ചകള്‍ ഇതോടൊപ്പം നടന്നേ തീരൂ. തിരിച്ചടിക്കാന്‍ പ്രകൃതി തീരുമാനിച്ചാല്‍ മനുഷ്യനൊന്നാകെ ഒന്നിച്ചാലും തടയുക സാധ്യമല്ല. ജി ആര്‍ സന്തോഷ് കുമാറിന്റെ ലേഖനം ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു.

2019 ആഗസ്റ്റ് മാസം വയനാട്ടിലെ പുത്തുമലയില്‍ സംഭവിച്ച ദുരന്തത്തിന്റെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. ജോലി സംബന്ധമായി അക്കാലത്ത് വയനാട്ടില്‍ ഉണ്ടായിരുന്നതിനാല്‍ ദുരന്തസ്ഥലത്ത് ആരോഗ്യ പ്രവര്‍ത്തകനായി പോയ സമയത്ത് ഞാന്‍ നേരിട്ട് എടുത്ത ചിത്രമാണിത്.

ഏതാണ്ട് 300 ഓളം കുടുംബങ്ങള്‍ ജീവിച്ചു വന്നിരുന്ന സ്ഥലമായിരുന്നു ഇത്. കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും പീടികകളുമൊക്കെ ഉണ്ടായിരുന്ന ഒരു പ്രദേശം. അതിവേഗതയില്‍ മണ്ണും ചെളിയും മഴവെള്ളവും കുഴഞ്ഞു കുത്തിയൊലിച്ചു വന്നതിനിടയില്‍ എല്ലാം അപ്രത്യക്ഷമായി. 20 പേരാണ് ഈ ദുരന്തത്തില്‍ മരണമടഞ്ഞത്. നിലയ്ക്കാതെ പെയ്തിരുന്ന പേമാരിയുടെ ഫലമായി മലയുടെ ചില ഭാഗങ്ങള്‍ ഇടിഞ്ഞത് കണ്ടപ്പോള്‍ പഞ്ചായത്ത് അധികാരികളും നാട്ടുകാരും ചേര്‍ന്ന് മുഴുവന്‍ ആളുകളെയും അവിടെനിന്ന് ഉയരെയുള്ള ഒരു സ്‌കൂളിലേക്ക് നേരത്തെ മാറ്റിയത് കൊണ്ടാണ് വലിയ തോതിലുള്ള മരണം ഒഴിവാക്കാനായത്. സ്‌കൂളിലെ റിലീഫ് ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ എടുക്കാനും മറ്റും വീട്ടിലേക്ക് പോയവരാണ് മരണമടഞ്ഞത്.

ഈ ഫോട്ടോയില്‍ കാണുന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഒരു മല, മഴയില്‍ മുഴുവനായും ഇളകി ഒലിച്ചു വരികയായിരുന്നു. താഴേക്ക് വരുന്തോറും മണ്ണും ചെളിയും ജലവും കുഴഞ്ഞു ചേര്‍ന്ന ഘനമിശ്രിതം മാരകമായ വേഗത കൈവരിക്കും. മുന്നില്‍ കാണുന്നതു മുഴുവന്‍ തച്ചുതകര്‍ക്കും. താഴേക്കൊഴുകിപ്പോയ ചില മനുഷ്യശരീരങ്ങള്‍ തേടി രക്ഷാസംഘത്തിന് ചാലിയാറിന്റെ കരയിലൂടെ നിലമ്പൂര്‍ വരെ പോകേണ്ടിവന്നു. അന്ന് ദുരന്തസ്ഥലത്ത് വെച്ച് പരിചയപ്പെട്ട ഒരു ഭൗമശാസ്ത്ര വിദഗ്ധനുമായി സംസാരിച്ചു നില്‍ക്കവേ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്.

‘ഡോക്ടറെ, ഇത് ഉരുള്‍പൊട്ടല്‍ അല്ല. ഇത് മലയിടിച്ചിലും വലിയതോതിലുള്ള മണ്ണൊലിപ്പും ആണ്.’

വളരെ വര്‍ഷങ്ങളായി തുടരുന്ന വനനശീകരണത്തിന്റെ പരിണിത ഫലമാണിതെന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം പറഞ്ഞു. വയനാട്ടിലെ മലകളുടെ മുകളില്‍ വലിയ കനത്തില്‍ മണ്ണ് സ്ഥിതി ചെയ്യുകയാണ്. പാറ താഴെയും. ഈ മണ്ണിനെ പാറയുമായി ഘടിപ്പിച്ചു നിര്‍ത്തുന്നത് മരങ്ങളുടെ വേരുകളാണ്. മരങ്ങളും പാറയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേരിന്റെ പടര്‍പ്പുകളും മണ്ണിനെ മലയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. മരങ്ങള്‍ മുറിച്ചുമാറ്റിയാലും വേരുകള്‍ തല്‍സ്ഥാനത്തുണ്ടായിരിക്കും എന്നതുകൊണ്ട് വര്‍ഷങ്ങളോളം വലിയ പ്രശ്‌നമൊന്നും ഉണ്ടാകില്ല. പക്ഷേ ക്രമേണ വേരുകള്‍ ദ്രവിക്കും. പാറയുമായുള്ള മണ്ണിന്റെ പിടുത്തം വിട്ടുപോകും. മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രക്രിയ അഭംഗുരം തുടര്‍ന്നു പോയാല്‍ ഇത് വലിയ വിനാശത്തിന് കാരണമാവുകയും ചെയ്യും. നാം ഇപ്പോള്‍ നേരിടുന്നത്, കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന അതിവൃക്ഷ്ടി ഈ ദുരന്തത്തെ അതിവേഗം ക്ഷണിച്ചു വരുത്തുന്നതും പലമടങ്ങായി വര്‍ദ്ധിപ്പിക്കുന്നതുമായ കാഴ്ചയാണ്. ഈ മലയിടിച്ചിലും മണ്ണൊലിപ്പും ചെറിയ തോതുകളില്‍ വയനാട്ടില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അത് വയനാട്ടില്‍ താമസിക്കുന്നവര്‍ക്ക് അറിയാം. വലിയ മരണങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ രൂക്ഷസ്വഭാവം പ്രാപിക്കുമ്പോഴാണ് ഇതൊക്കെ വലിയ വാര്‍ത്തകളായി തീരുന്നത്. ഈ ദുരന്തങ്ങള്‍ ഒന്നും അപ്രതീക്ഷിതമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വയനാട്ടിലെ ദുര്‍ബലമായ മലമ്പ്രദേശങ്ങള്‍ ഇതിനകം തന്നെ മാപ്പ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അന്നറിയാന്‍ കഴിഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രത്തിന്റെ വഴിയിലൂടെ പരിഹാരങ്ങള്‍ കാണാന്‍ ആരും ശ്രമിക്കുന്നില്ല എന്ന് മാത്രം.

അന്ന് പുത്തുമലയിലെ ദുരന്തത്തിന് കാരണമായ അതേ സ്ഥലത്ത് നിന്ന് ഏതാണ്ട് രണ്ടു മൂന്ന് കിലോമീറ്റര്‍ മുകളിലുള്ള ഒരു പ്രദേശത്താണ് ഇന്നലെ രാത്രി ദുരന്തം ഉണ്ടായിരിക്കുന്നത്. സംഭവം നടന്നത് പുലര്‍ച്ചെ ആയതിനാലും അപകടത്തിന്റെ സൂചനകള്‍ മുന്‍കൂട്ടി ഇല്ലാതിരുന്നതിനാലും താഴ്വരയിലെ ഗ്രാമങ്ങള്‍ മുഴുവന്‍ മണ്ണിനടിയില്‍ ആകുകയോ ഒലിച്ചു പോകുകയോ ചെയ്തിരിക്കുന്നു. മരണസംഖ്യ പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും. കേട്ടിടത്തോളം 2019 ന്റെ ആവര്‍ത്തനമാണിത്.

കൂടുതലൊന്നും പറയാനില്ല. എല്ലാവരും ചേര്‍ന്ന് കാര്യമായിട്ട് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. വനം വെട്ടിത്തെളിക്കുന്നവരും, ക്വാറി മുതലാളിമാരും, അവരുടെ ദല്ലാളന്മാരും, അവരെ സംരക്ഷിക്കുന്നവരുമൊന്നും ഒരു ദുരന്തത്തിലും ഇരയാകില്ല. അവരൊക്കെ നഗരങ്ങളില്‍ സസുഖം കഴിയുന്നവരാണ്. പലര്‍ക്കും ഗള്‍ഫിലും സിംഗപ്പൂരിലും വലിയ വസതികള്‍ വരെയുണ്ടെന്ന് പറയപ്പെടുന്നു. മരിക്കുന്നവരെല്ലാം മറ്റെവിടെയും പോകാന്‍ കഴിയാത്ത സാധാരണ മനുഷ്യരാണ്. കൂട്ടത്തില്‍, വയനാട്ടിലെ ആനകളും കടുവകളും കാടിറങ്ങി വരുന്നതിന്റെ കാരണം അവരുടെ എണ്ണം കൂടിയതു കൊണ്ടല്ലെന്നും അവര്‍ക്ക് താമസിക്കാനുള്ള സ്ഥലങ്ങള്‍ കൈയ്യേറിയതും അവരുടെ ഭക്ഷണലഭ്യത ഇല്ലാതാക്കിയതുമാണെന്നും കൂടി ഈയവസരത്തില്‍ ഓര്‍ക്കണം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. എല്ലാത്തിനും പരിഹാരമുണ്ട്. പക്ഷെ അത് കുറുക്കു വഴികളല്ല. മനുഷ്യന് മാത്രമായ പരിഹാരങ്ങളുമല്ല. മയക്കുവെടി വെച്ചാല്‍ ആനയും പുലിയും തത്ക്കാലം മയങ്ങിക്കിടക്കും. പക്ഷെ ഉഗ്രരൂപിയായി ആര്‍ത്തുവരുന്ന മലയേയും മഴയേയും മയക്കുവെടി വെച്ച് വീഴ്ത്താനാവില്ല.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *