‘ഇല്ല’ എന്നു പറയാനും സ്വീകരിക്കാനും പഠിപ്പിക്കുന്നൊരു സ്‌കൂള്‍ തുടങ്ങണം

 റിട്ടയര്‍ ചെയ്തിട്ട് ഒരു കുഞ്ഞ് സ്‌കൂള്‍ തുടങ്ങണം. ഒറ്റ വാക്ക് മാത്രം പഠിപ്പിക്കുന്ന രണ്ട് സെമസ്റ്ററില്‍ കോഴ്‌സ് തീരുന്ന ഒരു സ്‌കൂള്‍. പറഞ്ഞത് പോലെ ഒറ്റ പാഠ്യഭാഗമേയുണ്ടാവു – ‘നോ’- പറ്റില്ല. നടക്കില്ല. ഇഷ്ടമല്ല. വേണ്ട.


നോ! അത് പറയാന്‍ പഠിപ്പിക്കുകയാവും ആദ്യ സെമെസ്റ്ററിലെ ജോലി. അതെങ്ങനെ പറയണം ജീവിതത്തില്‍. ആരോടെല്ലാം. എപ്പോഴെല്ലാം. എന്തിനോടെല്ലാം. പൊരുത്തപ്പെട്ട് പോകാനാകാത്ത, ടോക്‌സിക്ക് ആയ ബന്ധങ്ങളോട് – സുഹൃത്തുക്കളോട്, പങ്കാളികളോട് – വീടുകളോട്, നാടുകളോട്, കാഴ്ചപ്പാടുകളോട്, തുടര്‍ന്ന് വന്ന കക്ഷിരാഷ്ട്രീയത്തോട്, തൊഴിലിനോട്, ജീവിതരീതികളോട്, മതങ്ങളോട്. സ്വാതന്ത്ര്യം നശിപ്പിക്കുന്ന, സ്വപ്നങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന, സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന എന്തിനോടും ‘നോ’ പറയാന്‍ പ്രാപ്തരാക്കുന്നതോടെ ആദ്യ സെമസ്റ്റര്‍ പൂര്‍ത്തിയാവും.

നോ! രണ്ടാമത്തെ സെമസ്റ്ററിലും പഠിപ്പിക്കുന്നത് അത് തന്നെയാവും. പക്ഷേ ഇത്തവണ കുട്ടികള്‍ പഠിക്കുക എങ്ങനെ പറയണമെന്നല്ല, എങ്ങനെയത് മറ്റുള്ളവരില്‍ നിന്നും സ്വീകരിക്കണമെന്നാവും.

നമ്മളല്ലാത്തവര്‍ക്ക് നമ്മളോട് ‘നോ’ പറയാനീ ലോകത്തവകാശമുണ്ടെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടാവും തുടങ്ങുക. നമ്മെക്കാളും ശക്തി കുറഞ്ഞ മനുഷ്യരുള്‍പ്പടെയുള്ള ഏതു ജീവജാലങ്ങളായാലും, അവരുടെയെല്ലാം ഭ്രമണപഥങ്ങള്‍ നമുക്ക് ചുറ്റിലുമല്ലെന്നും, അവരുടെയെല്ലാം സൂര്യന്മാരാവാന്‍ നമുക്കാവില്ലെന്നും, മറിച്ചു ഒരു കണികയുടെ വലിപ്പം പോലും അവരുടെ ലോകങ്ങളില്‍ നമുക്കുണ്ടാവില്ലെന്നും, അത് സാധാരണമാണെന്നും, അതൊരാളുടെയും പൗരുഷത്തിന് നേരെയുള്ള വെല്ലുവിളിയല്ലെന്നും സാവധാനം മനസിലാക്കിച്ചെടുക്കും.

‘നോ.’ അതിന് ദ്വയാര്‍ത്ഥങ്ങളില്ലെന്നും, അതൊരു പൂര്‍ണ്ണവിരാമമാണെന്നും, അധികാരപ്രയോഗം കൊണ്ട് ‘നോ’ എന്ന കന്മതിലിനെ ഉടച്ചു കളയാനാവില്ലെന്നും, അത് ആത്മാഭിമാനമുള്ള ഒരു മനുഷ്യന്റെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ പ്രകാശനമാണെന്നും പറഞ്ഞു പഠിപ്പിക്കും.

‘നോ.’ ആദരവോടെയത് കേള്‍ക്കുന്ന, സ്വീകരിക്കുന്ന, അംഗീകരിക്കുന്ന നിമിഷം സര്‍ട്ടിഫിക്കറ്റ് തരും.

NB: രണ്ടാം സെമസ്റ്ററില്‍ ഡയറക്റ്റ് എന്‍ട്രിയാണ്. സമൂഹത്തിലെ വലിയ വലിയ സാറന്മാരെ അവിടെ ഞാന്‍ കൊണ്ടിരുത്തും. സംഭവം പഠിച്ചെടുക്കാന്‍ വലിയ പാടാണ്, എനിക്കറിയാം.

Manu Ramakant
HoD, Dept of English,
SN College

Leave a Reply

Your email address will not be published. Required fields are marked *