ഓണം: സമരോത്സുകമായ ഒരു ഓര്‍മപ്പെടുത്തല്‍


ഷാജി കിഴക്കേടത്ത്


ഐതിഹ്യവുമായി കൂട്ടിചേര്‍ക്കപ്പെട്ട് തനിമ നഷ്ടപ്പെട്ടുപ്പോയ ഒരു ആഘോഷമാണ് ഓണം എന്നത് ഓര്‍ക്കപ്പെടേണ്ട, ഓര്‍മിച്ചെടുക്കേണ്ട കാലമാണ് ഇന്ന്. കര്‍ഷകരുടെ വിളപ്പെടുപ്പ്, കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവരുടെ ആഹ്‌ളാദത്തിന്റെ നിമിഷങ്ങളാണ് ! 


സമൃദ്ധമായ വിളപ്പെടുപ്പിന്റെ ആഹ്‌ളാദലഹരിയില്‍ കര്‍ഷകര്‍ മതിമറന്നു
ആഘോഷിച്ച കൊയ്ത്തുത്സവത്തോട് മഹാബലിയുടെ കഥ കൂട്ടിചേര്‍ത്തതിനു പിന്നില്‍ സങ്കുചിതമായ താല്പര്യങ്ങളുണ്ടോ ഇല്ലയോ എന്നത് ഇന്ന് പ്രസക്തമല്ല ! കാരണം മഹാബലിയുടെ കഥ ഒരു ഐതിഹ്യമാണെങ്കിലും മാനുഷരെല്ലാം വിഭാഗീയതകള്‍ എല്ലാം ഉപേക്ഷിച്ച് തുല്യതയോടെ, ആഹ്‌ളാദചിത്തരായി ജീവിക്കുന്ന,
പ്രതീക്ഷാഭരിതമായ ഒരു കാലത്തിന്റെ സന്ദേശം നല്‍കുന്നുണ്ട്.

സഹോദരന്‍ അയ്യപ്പന്‍ എന്ന പ്രഖ്യാപിത യുക്തിചിന്തകനാണ് ഓണപ്പാട്ട് എഴുതിയത് എന്ന വസ്തുത ഇന്ന് എത്രപ്പേര്‍ക്ക് അറിയാം. ജാതിമതഭേദമന്യേ
എല്ലാമനുഷ്യരും ആഹ്‌ളാദപൂര്‍വം ജീവിക്കുന്ന മാവേലിയുടെ ഭരണകാലത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന മനോഹരമായ ഓണപ്പാട്ട്, മനുഷ്യന്റെ അധ്വാനത്തിന്റെയും ബുദ്ധിവൈഭവത്തിന്റെയും കരുത്തില്‍ പടുത്തുയര്‍ത്തേണ്ട ഒരു സമത്വസുന്ദരലോകത്തെ കുറിച്ചുള്ള മനുഷ്യന്റെ സ്വപ്നമാണ് വിളംബരം ചെയ്യുന്നത്.

മഹാബലിയുടെ സത് ഭരണത്തില്‍ അസൂയപൂണ്ട മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍, മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ കഥ: കെട്ടുക്കഥ – ആ അര്‍ത്ഥത്തില്‍ വായിച്ചെടുക്കുമ്പോഴും നാം എതുപക്ഷം പിടിക്കണമെന്നതാണ് ഓര്‍ക്കേണ്ടത്.

വാമന ജയന്തി ആഘോഷിക്കണമെന്ന സങ്കുചിതവാദികളുടെയും മതവര്‍ഗീയവാദികളുടെയും പ്രഖ്യാപനങ്ങളെ ലോകമെങ്ങുമുള്ള മലയാളി പുച്ഛത്തോടെ വലിച്ചെറിയണം. കേരളം അത്തരം പ്രഖ്യാപനങ്ങളെ അവഗണിക്കുക തന്നെ ചെയ്യും. ആ പ്രതീക്ഷയാണ് ഈ കാലഘട്ടത്തിലെ ഓണാഘോഷം നല്‍കുന്നത്.

കള്ളവും ചതിയുമില്ലാത്ത എള്ളോളം പൊളിവചനങ്ങളില്ലാത്ത കളളപ്പറയും ചെറുനാഴിയുമില്ലാത്ത മാനുഷരെല്ലാം തുല്യതയോടെ, ആഹ്‌ളാദത്തോടെ ജീവിതം ആഘോഷമാക്കുന്ന ഒരു ക്ഷേമരാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ ആണ് ഓണം എന്ന സങ്കല്പം നല്‍കുന്നത്. ഇത്ര മനോഹരമായ ഒരു മിത്ത് ലോകത്ത് മറ്റൊരിടത്തും
ഉണ്ടെന്നു വരില്ല.

മനോഹരമായ ആ സങ്കല്പത്തെ പ്രതീക്ഷകളോടെ വരവേല്‍ക്കുന്ന മലയാളിയുടെ സെക്കുലര്‍ബോധത്തെ നിലനിര്‍ത്തി പരിപോഷിപ്പിക്കുകയും വിഭാഗീയതകളുടെ അതിരുകളെ ഇല്ലായ്മ ചെയ്യുകയുമാണ് ഈ കാലം ആവശ്യപ്പെടുന്ന ദൗത്യം! മാവേലി കഥയിലെ നാട് നമ്മുടേതാക്കി മാറ്റാനുള്ള ശ്രമമാണ് മനുഷ്യസ്‌നേഹത്തിന്റെ എറ്റവും ഉദാത്തമായ പ്രവര്‍ത്തനം.

BC 300 മുതല്‍ AD 700 വരെ കേരളത്തില്‍ പ്രബലമായിരുന്ന ബൗദ്ധ-ജൈനമതങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലം ശ്രാവണാഘോഷം. : ചിങ്ങമാസ ത്തിലെ ആഘോഷവുമായിരുന്നുവെന്ന അഭിപ്രായവും ഉണ്ട്. ഓണാഘോഷത്തിന്റെ വേരുകള്‍ അന്വേഷിച്ചു പോയാല്‍ അത് ബൗദ്ധ-ജൈന സാംസ്‌കാരിക തനിമയില്‍ ചെന്നു നില്‍ക്കുമെന്ന നിരീക്ഷണവും ഇന്ന് നാം പാഠ്യവിഷയമാക്കേണ്ടതാണ്.

കാര്‍ഷികസമൃദ്ധിയുടെ സന്ദേശം വിളംബരം ചെയ്യുന്ന ഓണം എന്ന ആഘോഷത്തെ മനുഷ്യപക്ഷത്തിന്റെ ആഹ്‌ളാദത്തിന്റെ ഉത്സവമായി നമുക്ക് ഉത്സവതിമിര്‍പ്പോടെ വരവേല്‍ക്കാം …

‘വാമനാദര്‍ശം വെടിഞ്ഞിടേണം
മാവേലിവാഴ്ച വരുത്തിടേണം.
ഓണം നമുക്കിനി നിത്യേനയെങ്കില്‍
ഊനം വരാതെയിരുന്നുകൊള്ളും.”
-സഹോദരന്‍ അയ്യപ്പന്‍


Leave a Reply

Your email address will not be published. Required fields are marked *