ആത്മഹത്യയ്ക്ക് മക്കളെ കൂടെ കൂട്ടുന്നത് കൊടുംക്രൂരത

Jess Varkey Thuruthel

മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്നവരുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി. തിരുവല്ല മാന്നാറില്‍ മിഥുന്‍ കുമാര്‍ (ജോണ്‍-34) ആത്മഹത്യ ചെയ്യും മുമ്പ് ഏകമകന്‍ ഡെല്‍വിന്‍ ജോണിനെ കഴുത്തു ഞെരിച്ചു കൊന്നിരിക്കുന്നു!

‘ചെയ്യുന്നതു തെറ്റാണെന്നറിയാം, ഞാന്‍ പോകുന്നു… എന്നാലും അവനെയും കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച് അടക്കണം. അപ്പയുടേയും അമ്മയുടേയും കാര്യത്തില്‍ വിഷമമുണ്ട്. ഞങ്ങളെ ഒരുമിച്ചടക്കണം,’ എന്ന കുറിപ്പെഴുതി വച്ചിട്ടാണ് ഇയാള്‍ സ്വന്തം മകനെ കഴുത്തു ഞെരിച്ചു കൊന്നതും പിന്നീട് ആത്മഹത്യ ചെയ്തതും.

ഈ വരികള്‍ വായിക്കുമ്പോള്‍ ഓരോ മനുഷ്യന്റെയും മനസിലേക്കെത്തുന്ന പ്രധാനപ്പെട്ട കാര്യം മകനെ കഷ്ടപ്പെടാന്‍ അനുവദിക്കാതെ കൂടെക്കൂട്ടിയ സ്‌നേഹനിധിയായ അച്ഛന്‍ എന്നാവും. എന്നാല്‍, ലോകത്തിലേക്കും വച്ച് ഏറ്റവും ക്രൂരനായ മനുഷ്യനാണ് ഇയാള്‍. യാതൊരു തെറ്റും ചെയ്യാത്ത, നിഷ്‌കളങ്കരായ സ്വന്തം കുഞ്ഞുങ്ങളെ കൊന്നിട്ട് ആത്മഹത്യ ചെയ്യുന്ന ഒരു മാതാവും പിതാവും യാതൊരു കാരുണ്യവും അര്‍ഹിക്കുന്നില്ല.

ജീവിതത്തിലൊരിക്കലും വിവാഹം കഴിക്കാന്‍ പാടില്ലാത്ത ചില മനുഷ്യരുണ്ട്. വിവാഹം കഴിച്ചാലും മക്കളെ ജനിപ്പിക്കാന്‍ പാടില്ലാത്തവരും. ജീവിത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ കൊല്ലലും ആത്മഹത്യയുമാണ് പരിഹാരം എന്നു ചിന്തിക്കുന്ന ഇത്തരം മനുഷ്യര്‍ക്കു പിറന്നു പോയ മക്കളാണ് ഏറ്റവും ഗതികെട്ട ജന്മങ്ങള്‍. ഏറെ സ്നേഹിക്കുന്നവര്‍ വിഷമെടുത്തു നല്‍കിയാല്‍പ്പോലും പുഞ്ചിരിയോടെ വാങ്ങിക്കഴിക്കുന്ന മക്കളുമുണ്ടാകാം. ആ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയെയും വിശ്വാസത്തെയും നിഷ്‌കരുണം ചവിട്ടിമെതിക്കുന്നവര്‍ക്ക് മാപ്പു നല്‍കിക്കൂടാ. യാതൊരു തരത്തിലുള്ള കാരുണ്യവും അവര്‍ അര്‍ഹിക്കുന്നുമില്ല.

മക്കളെ ജനിപ്പിക്കുക എന്നത് വലിയൊരു ഉത്തരവദിത്വമാണ്. അവര്‍ക്കു ജീവിക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളുമൊരുക്കി അവരെ സുരക്ഷിതരായി സംരക്ഷിച്ചു വളര്‍ത്താന്‍ കഴിയാത്ത ഒരാളു പോലും കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ പാടില്ല.

തങ്ങള്‍ ഏറ്റവുമധികം സുരക്ഷിതരായിരിക്കുമെന്ന് കുഞ്ഞുങ്ങള്‍ കരുതുന്നത് അവര്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം ആയിരിക്കുമ്പോഴാണ്. കുഞ്ഞുങ്ങളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍പ്പോലും സഹിക്കാത്തവരാണ് പല മാതാപിതാക്കളും. ജനിപ്പിച്ച ഏതൊരാള്‍ക്കും അറിയാം, തങ്ങളുടെ കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് എന്തുമാത്രം പ്രിയപ്പെട്ടതാണ് എന്ന്. ഏതൊരു അപകട നിമിഷത്തിലും അച്ഛനമ്മമാര്‍ ആദ്യം ചെയ്യുന്നത് സ്വന്തം മക്കളെ സുരക്ഷിതരാക്കുക എന്നതാണ്. എന്നാല്‍, ചില മനുഷ്യരാകട്ടെ, സ്വന്തം കുഞ്ഞുങ്ങളുടെ കഴുത്തില്‍ കത്തി വയ്ക്കുവാന്‍ പോലും യാതൊരു മടിയും കാണിക്കുന്നില്ല. അവരുടെ കരച്ചിലോ കണ്ണുകളിലെ ദൈന്യതയോ ഇത്തരം കൊലപാതകികളെ പിന്തിരിപ്പിക്കുന്നുമില്ല.

വെണ്ടുരുത്തിപ്പാലത്തില്‍ നിന്നും പിഞ്ചുകുഞ്ഞിനെ കായലിലേക്കെറിഞ്ഞ് കൂടെ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവം മലയാളികള്‍ മറക്കാനിടയില്ല. ആ കുട്ടി മരിച്ചു, അമ്മയെന്ന ആ സ്ത്രീ രക്ഷപ്പെട്ടു. അവരെ രക്ഷപ്പെടുത്തിയ നേവിക്കാരനാകട്ടെ പിന്നീട് കരയിലേക്കെത്താന്‍ കഴിഞ്ഞില്ല. ഒഴുക്ക് ആ നല്ല മനുഷ്യനെ കൊണ്ടുപോയി. ലോകത്തിലേക്കും വച്ച് ഏറ്റവും ദുഷിച്ച മനസുളള, സ്വന്തം മകളുടെ ഘാതകിയായ ആ സ്ത്രീയെ ഈ ഭൂമിയില്‍ ബാക്കി വച്ചു.

ഈ ഭൂമിയിലേക്ക് മറ്റൊരു ജീവന്‍ പിറവി കൊള്ളാന്‍ കാരണമായിട്ടുണ്ടെങ്കില്‍, അവരെ പോറ്റി വളര്‍ത്തേണ്ട ഉത്തരവാദിത്വവും അവരില്‍ ഓരോരുത്തര്‍ക്കുമുണ്ട്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വഴിയിലുപേക്ഷിച്ചു പോകുന്നതും കൊന്നുകളയുന്നതും കൊന്നിട്ട് ആത്മഹത്യ ചെയ്യുന്നതുമെല്ലാം ഏറ്റവും വലിയ ഘോരപാതകങ്ങളുടെ ലിസ്റ്റില്‍ പെടുത്തി കഠിന ശിക്ഷ നല്‍കിയേ തീരൂ.

കുടുംബത്തില്‍ പ്രശ്‌നങ്ങളാണെങ്കില്‍, ജീവിക്കാന്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ടിവിടെ. ആ മകനെ സ്വന്തം മാതാപിതാക്കളെ ഏല്‍പ്പിച്ചു മരിക്കാമായിരുന്നു മിഥുന്. എന്തിന് ആ കുഞ്ഞിനെ കുരുതി കൊടുത്തു എന്ന ചോദ്യത്തെക്കാള്‍, സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ തക്ക ക്രൂരത അയാള്‍ക്കുണ്ടായിരുന്നു എന്നു ചിന്തിക്കുന്നതാവും ഉത്തമം. അത്തരത്തിലുള്ള ഒരുവനോടൊപ്പമുള്ള ജീവിതം അസാധ്യമായതിനാലാവണം അവരുടെ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായത്.

കാരണങ്ങള്‍ എന്തു തന്നെ ആയാലും മക്കളെ കൊന്നുകളയുന്ന ക്രൂരതയ്ക്കു മാപ്പു നല്‍കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *