പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കും, പക്ഷേ ഈ പാഴുകളെ ജനങ്ങള്‍ക്കെന്തിന്?

Thamasoma News Desk 

പുതുപ്പള്ളിയില്‍ സഹതാപ തരംഗം വിജയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തില്‍, രാഷ്ട്രീയത്തിനും വികസന മന്ത്രങ്ങള്‍ക്കുമപ്പുറം വിജയിച്ചിട്ടുള്ളതും സഹതാപ തരംഗം തന്നെ. അതുകൊണ്ടു തന്നെ, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കും, പക്ഷേ, അത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടല്ല, മറിച്ച് ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടി ഒഴുക്കിയ കണ്ണീരിന്റെ വിലയാണ്.

രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍, പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസിന്റെ കോട്ടയല്ല. ഉമ്മന്‍ ചാണ്ടിയുടെ അവസാനത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ചത് വെറും 9,000 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. അതില്‍ അഞ്ചു വാര്‍ഡും ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയില്‍ ഭദ്രമാണ്. വികസനവും യഥാര്‍ത്ഥ രാഷ്ട്രീയവുമാണ് ചര്‍ച്ചചെയ്യപ്പെടുന്നതെങ്കില്‍, പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് വിജയിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. പക്ഷേ, പുതുപ്പള്ളിയില്‍ സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നാണ്.

ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥനെപ്പോലെ, പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെപ്പോലെ ചാണ്ടി ഉമ്മനും വെറുമൊരു പാഴ്ജന്മമാണ് എന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും ഏതൊരാള്‍ക്കും മനസിലാകും. കേരളത്തിന്റെ ഇന്നലെകളെക്കുറിച്ചോ കേരള ചരിത്രത്തെക്കുറിച്ചോ ഭാവി കാര്യങ്ങളെക്കുറിച്ചോ കേരളത്തിന് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ചോ അദ്ദേഹത്തിന് യാതൊരറിവുമില്ല.

ജി കാര്‍ത്തികേയന്റെ മരണശേഷം കൊട്ടിഘോഷിച്ചു കൊണ്ടുവന്നതാണ് ശബരിനാഥനെ. പക്ഷേ, ക്രിയാത്മകമായ ഒരു പദ്ധതിയും ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല. ക്രിയാത്മകമായ ചിന്തകളോ വായനകളോ അറിവോ അദ്ദേഹത്തിനില്ല. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ വ്യക്തമായി മനസിലാക്കിയതിനാല്‍, 2021 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അദ്ദേഹത്തെ മൂലയ്ക്കിരുത്തി.

ഭര്‍ത്താവിന്റെ മരണശേഷം സഹതാപ തരംഗത്തിലൂടെ വിജയിച്ച വ്യക്തിയാണ് ഉമ തോമസ്. എതിരാളി ജോ ജോസഫിനെതിരെ അതിനിന്ദ്യമായ വ്യക്തിഹത്യയാണ് തെരഞ്ഞെടുപ്പു കാലഘട്ടത്തില്‍ ഉണ്ടായത്. തൃക്കാക്കരയില്‍ ജോ ജോസഫായിരുന്നു വിജയിച്ചതെങ്കില്‍, അതിന്റെ പ്രയോജനം ആ മണ്ഡലത്തിന് ഉണ്ടാകുമായിരുന്നു. കഴിവുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഉമ തോമസ് വലിയൊരു പരാജയമാണ്. ഈ ലിസ്റ്റിലേക്കു വരുന്ന മറ്റു പേരുകളാണ് ഹൈബി ഈഡനും അനൂപ് ജേക്കബും. ജനങ്ങള്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിച്ച പരിചയമുള്ള, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അവര്‍ക്കൊപ്പം ജീവിക്കുന്ന നേതാക്കളെയാണ് കോണ്‍ഗ്രസ് വിജയിപ്പിച്ചതെങ്കില്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു തന്നെയായിരുന്നു. സഹതാപത്തിന്റെ പേരില്‍ പാഴുകളെ ജനങ്ങളുടെ ചുമലില്‍ കെട്ടിവയ്ക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ ഇവയാണ്. ജനകീയനായ, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയോടുള്ള വൈകാരികമായ അടുപ്പം. മറ്റൊന്ന് പിണറായി വിജയന്‍ എന്ന ഏകാതിപതിയോടുള്ള അടങ്ങാത്ത ദേഷ്യം. മാധ്യമങ്ങളെ ഒരു തരത്തിലും തന്നിലേക്ക് അടുപ്പിക്കാത്ത ഒരാളാണ് പിണറായി വിജയന്‍. അതിനാല്‍, അദ്ദേഹത്തെ തോല്‍പ്പിക്കുക എന്നത് പല മാധ്യമങ്ങളുടേയും അജണ്ടയാണ്. ഉമ്മന്‍ ചാണ്ടിയുടെ വിലാപ യാത്രയാണ് ലോകത്തിലെ ഏറ്റവും വലിയ വിലാപ യാത്ര എന്നതരത്തില്‍ ഓരോ മൈക്രോ സെക്കന്റിലും ജനമനസുകളില്‍ ഉമ്മന്‍ ചാണ്ടിയെന്ന വികാരത്തെ കത്തിജ്വലിപ്പിക്കാനും ആ ജ്വാല അന്തരീക്ഷത്തില്‍ നിലനിര്‍ത്താനും മാധ്യമങ്ങള്‍ അക്ഷീണം പരിശ്രമിച്ചു.

അമിത വൈകാരികതയെ ആളിക്കത്തിച്ച് ചാണ്ടി ഉമ്മന് വിജയത്തിലേക്കുള്ള പാതയൊരുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത് എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസിലാകുന്ന കാര്യമാണത്. തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളി വരെയുള്ള ആ വിലാപ യാത്രയില്‍ വൈകാരികത ആളിക്കത്തിക്കുകയായിരുന്നു മാധ്യമങ്ങള്‍.

സംഘടനാ ശേഷിയുള്ള, കഴിവുറ്റ ഒരൊറ്റ നേതാവു പോലും കോണ്‍ഗ്രസിനില്ല. അതിനാല്‍ത്തന്നെ, അവര്‍ എത്രമാത്രം ശ്രമിച്ചാലും പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കമോ ഒത്തൊരുമയോ കൂട്ടായ പ്രവര്‍ത്തനങ്ങളോ കാഴ്ചവയ്ക്കാന്‍ അവര്‍ക്കാവില്ല. കോണ്‍ഗ്രസിന്റെ ഈ കഴിവുകേടിനെ നികത്തുന്ന ജോലിയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. അതിനുള്ള ഏറ്റവും പ്രധാന കാരണം ജനങ്ങള്‍ക്ക് പിണറായി വിജയനെന്ന ധാര്‍ഷ്ട്ര്യക്കാരനോടുള്ള വ്യക്തിപരമായ വെറുപ്പും വൈരാഗ്യവും തന്നെ. അത് തീര്‍ച്ചയായും വോട്ടായി ചാണ്ടി ഉമ്മന്റെ പെട്ടിയില്‍ വീഴുമെന്നതില്‍ തര്‍ക്കമില്ല.

ഭരണ വിരുദ്ധ വികാരം പോലും കേരളത്തില്‍ നിലനില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ജനങ്ങളോടുള്ള സമീപനത്തിലാണ്. പല കാര്യങ്ങളിലും ജനങ്ങളോടു മറുപടി പറയാന്‍ പോലും അദ്ദേഹം തയ്യാറല്ല. ഭരണത്തില്‍ സുതാര്യതയും തീരെയില്ല. ഒന്നാം പിണറായി മന്ത്രിസഭയിലെ കഴിവുറ്റവരെയെല്ലാം മാറ്റിയതും ജനങ്ങള്‍ക്ക് സ്വീകാര്യമായിട്ടില്ല. തിരുവായ്ക്ക് എതിര്‍വായില്ലാത്ത പിണറായി ഭരണത്തിന്റെയും ഉമ്മന്‍ ചാണ്ടിയോടുള്ള വൈകാര്യകതയുടേയും പേരില്‍ മാത്രമാവും ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ വിജയിക്കുക.

കഴിവുകെട്ട പാഴ്ജന്മങ്ങളെ പേറി നടക്കാന്‍ കേരള ജനതയുടേ ജീവിതം ഇനിയും ബാക്കി.


#ChandyUmmen, UmmenChandy, #puthuppally #by-electioninKerala

Leave a Reply

Your email address will not be published. Required fields are marked *