ഓര്‍മ്മിക്കുക, അവരുടെ ലക്ഷ്യം നിങ്ങളുടെ സന്തോഷവും ആത്മവിശ്വാസവും തന്നെ!

Jess Varkey Thuruthel 

ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് പ്രതിസന്ധികളെ നേരിടുന്നവരെ തളര്‍ത്താന്‍ ഒരേയൊരു വഴിയേയുള്ളു. അധിക്ഷേപം. അതിലൂടെ അവരുടെ ആത്മവിശ്വാസം തകരും, അതോടെ അവരെ തോല്‍പ്പിക്കാനും എളുപ്പമാണ്. സ്വന്തം കഴിവിന്റെ മികവില്‍ മുന്നോട്ടു കുതിക്കുന്ന ഏതൊരു മനുഷ്യനെയും, അവര്‍ സമ്പന്ന, കുലീനകുലജാതരല്ലെങ്കില്‍, തോല്‍പ്പിക്കാനുള്ള ഏക മാര്‍ഗ്ഗം ഇതുതന്നെയാണ്. ജാതിയുടെ പേരില്‍, ജന്മത്തിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, സ്വത്വത്തിന്റെ പേരില്‍… അങ്ങനെയങ്ങനെ അധിക്ഷേപിച്ചു കൊണ്ടേയിരിക്കും. ആ അധിക്ഷേപങ്ങള്‍ താങ്ങാന്‍ ശേഷിയില്ലാത്തവര്‍ ജീവിതത്തില്‍ നിന്നു തന്നെ മടങ്ങിപ്പോകും, അതു തന്നെയാണ് വെറുപ്പിന്റെ വ്യാപാരികളുടെ ലക്ഷ്യവും. ഈ വെറുപ്പിനെയും പ്രതിസന്ധികളെയും സധൈര്യം നേരിടുന്നവര്‍ ജീവിതത്തില്‍ ചുവടുറപ്പിക്കും. പക്ഷേ, അവരുടെ ജീവിതം തന്നെ ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധ ഭൂമിയായിരിക്കും.

2023 നവംബര്‍ 21-ന് എംപിയിലെ ഉജ്ജയിനില്‍ നിന്നുള്ള ചടുലനായ 16 വയസ്സുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രിയാന്‍ഷു യാദവ് (പ്രാന്‍ഷു) ഈ ലോകത്തോടു വിടപറഞ്ഞു. മേക്കപ്പ് ആര്‍ട്ട് അവന്‍ സ്വയം സായത്തമാക്കിയ വിദ്യയായിരുന്നു. പത്താംക്ലാസ് വിദ്യാര്‍ത്ഥി. ഈ വര്‍ഷം ദീപാവലിക്ക്, ഇന്‍സ്റ്റാഗ്രാമിലൂടെ, സാരി ഉടുത്തുകൊണ്ട് അവന്‍ സ്വന്തം സ്വത്വം വെളിപ്പെടുത്തി. അതോടെ, ഒരു കടന്നല്‍ക്കൂട് ഇളകി വന്നു, അവനു നേരെ നിരന്തരമായി വിദ്വേഷ പ്രചാരണം ആരംഭിച്ചു. ആ ആക്രമണത്തില്‍ നിലതെറ്റിയ ആ കുട്ടി, സ്വന്തം ജീവിതം അവസാനിപ്പിച്ചു.


LGBTQIA+ കമ്മ്യൂണിറ്റിക്കു നേരെ നടക്കുന്നത് അതിഭീകരമായ വിദ്വേഷ പ്രചാരണമാണ്. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തുന്ന നിമിഷം മുതല്‍, സ്വന്തം വീട്ടില്‍ നിന്നും അവര്‍ പുറത്താകുന്നു. അതിനാല്‍, അവരുടെ ആദ്യത്തെ ശത്രുക്കള്‍ വീട്ടുകാര്‍ തന്നെ. സ്വന്തം വീട്ടില്‍ നിന്നും സംരക്ഷണം കിട്ടിയാല്‍ ഇവരില്‍ ഒരാള്‍ക്കു പോലും ഈ ലോകത്തിന്റെ ചോദ്യത്തിനു മുന്നില്‍ പതറേണ്ടി വരില്ല. ഒരാള്‍ക്കു പോലും ആത്മഹത്യ ചെയ്യേണ്ടി വരില്ല. ലൈംഗിക തൊഴിലിലേക്ക് ഇറങ്ങേണ്ടിയും വരില്ല. ഗുണ്ടാപ്പിരിവും ആവശ്യമുണ്ടാവില്ല.

കഴിവിന്റെ ലോകമാണിത്. കഴിവിന്റെ അടിസ്ഥാനത്തിലാണ് ഓരോ മനുഷ്യനെയും അംഗീകരിക്കേണ്ടതും പരിഗണിക്കേണ്ടതും. പക്ഷേ, കഴിവുള്ളവര്‍ ലൈംഗിക ന്യൂനപക്ഷമോ ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ വര്‍ഗ്ഗത്തിലോ പെട്ടവരാണെങ്കിലോ അവരുടെ കഴിവിനെ ഇടിച്ചു താഴ്ത്തി തോല്‍പ്പിക്കുക എന്നതാണ് ഇവിടെ നടക്കുന്നത്. ജാതിമത ഭ്രാന്തന്മാര്‍ തിമിര്‍ത്താടുകയാണ്, നിരപരാധികളുടെ ജീവനെടുക്കാനായി. നാവു കൊണ്ടു കഴിയുന്നത്ര അത്യാഹിതങ്ങള്‍ ജീവിതങ്ങള്‍ക്കു മേല്‍ അഴിച്ചു വിടുകയാണ്.

വിദ്വേഷം LGBTQIA+ കമ്മ്യൂണിറ്റിയില്‍ മാത്രമല്ല, ദുര്‍ബലരായ സകല മനുഷ്യരിലും വിനാശകരമായ പ്രത്യാഘാതമാണ് ഏല്‍പ്പിക്കുന്നത്. എന്നാല്‍, LGBTQIA+ കമ്മ്യൂണിറ്റിയാകട്ടെ, സമൂഹത്തില്‍ യാതൊരു തരത്തിലുമുള്ള അംഗീകാരങ്ങള്‍ ലഭിക്കാത്ത വ്യക്തികളാണ്. LGBTQIA+ കമ്മ്യൂണിറ്റി നേരിടുന്ന വിദ്വേഷത്തിനെതിരെ പല പ്രമുഖരും സംസാരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അവര്‍ക്ക് അനുകൂലമായ പല സമീപനങ്ങളുമുണ്ടാകുന്നുണ്ട്. പക്ഷേ, അതൊന്നും വേണ്ടത്ര ഫലം കാണുന്നില്ല.

പ്രന്‍ഷു യാദവ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. 16 വയസ്സുള്ള ഒരു ക്വിയര്‍ ആര്‍ട്ടിസ്റ്റായ പ്രംശു, സ്വന്തം സ്വത്വം വെളിപ്പെടുത്തിയ ആ ദീപാവലി ദിനത്തില്‍ മാത്രം 4000-ത്തിലധികം വിദ്വേഷ സ്വവര്‍ഗ്ഗഭോഗ കമന്റുകള്‍ നേരിടേണ്ടി വന്നു. ഭീഷണിപ്പെടുത്തുന്നവര്‍ക്കു നേരെ ചെറുത്തു നിന്നിട്ടും തളരാതെ പിടിച്ചു നിന്നും ആക്രമണം തുടരുകയായിരുന്നു.

ആത്മഹത്യാശ്രമത്തിലേക്ക് നയിക്കുന്ന ഓണ്‍ലൈന്‍ വിദ്വേഷം ഒരു വ്യക്തി നേരിടുന്നത് ഇതാദ്യമല്ല. മുമ്പ്, ചെന്നൈയില്‍ 19 വയസ്സുള്ള ഒരു ആണ്‍കുട്ടി സ്വവര്‍ഗാനുരാഗിയാണെന്ന് പരിഹസിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വിദ്വേഷത്തെത്തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള അവിന്‍ഷു പട്ടേല്‍ 2019 ജൂലൈയില്‍ മരിച്ചത്.

LGBTQIA+ വ്യക്തികള്‍ പലപ്പോഴും അമിതമായ സൈബര്‍ ഭീഷണിയും ഉപദ്രവവും സഹിക്കാറുണ്ട്, ഇത് കടുത്ത മാനസികാരോഗ്യ പോരാട്ടങ്ങള്‍ക്ക് കാരണമാകുന്നു. പ്രാന്‍ഷുവിന്റെ ആത്മഹത്യ ഇത്തരത്തിലുള്ള ജീവിതങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *