Compiled by: Dyuthi
പകലന്തിയോളം പാടത്തു പണിയെടുത്തു തളര്‍ന്നവശരായി വരുന്ന പണിക്കാര്‍ക്ക് പറമ്പില്‍ കുഴികുത്തി കഞ്ഞികൊടുത്തതിന്റെ മാഹാത്മ്യം വിളമ്പുന്ന കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത് ജാതിവെറിയുടെ ആ സവര്‍ണ്ണകാലഘട്ടത്തിന്റെ തിരിച്ചുവരവു തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരിക്കല്‍ മോഹന്‍ലാലിനെ ഇന്റര്‍വ്യു ചെയ്തയാള്‍ ചോദിച്ചു, എന്തുകൊണ്ടാണ് എല്ലാ നായകന്മാരും നായന്മാര്‍ എന്ന്. അതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘അതു ഞാനും പ്രിയനും ഒക്കെ വളര്‍ന്നു വന്ന സാഹചര്യം അനുസരിച്ചാണ്.’
മലയാള സിനിമകളിലും സീരിയലുകളിലുമെന്നുമാത്രമല്ല, കലയുടെ എല്ലാ മേഖലകളിലും കൊടികുത്തി വാഴുന്നത് ഈ ജാതീയതയും സവര്‍ണ്ണ മേല്‍ക്കോയ്മയും തന്നെ. സംവിധായകരില്‍ കൂടുതല്‍ പേരും സവര്‍ണരാണ് എന്നതല്ല ഇവിടുത്തെ പ്രശ്‌നം. അവര്‍ തങ്ങളുടെ സിനിമകളില്‍ നടത്തിയിരിക്കുന്നതത്രയും ജാതീയതയുടെയും സവര്‍ണ്ണ മേല്‍ക്കോയ്മയുടെയും ഉറഞ്ഞുതുള്ളലായിരുന്നു എന്നതാണ് സത്യം. ഇതാ ചില ഉദാഹരണങ്ങള്‍:
ചന്ദ്രലേഖ – 1997
”എടോ ഞാന്‍ നല്ല ഇല്ലത്തെ നായര്‍ ആടോ’
പ്രിയദര്‍ശനെ പോലെ സങ്കുചിത ചിന്തയുള്ള, തികഞ്ഞ ജാതിവാദിയായ മറ്റൊരു സംവിധായകനെ മലയാള സിനിമയില്‍ കണ്ടെത്തുക പ്രയാസമാണ്. ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നതാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
സിനിമയില്‍, മോഹന്‍ലാല്‍ ചന്ദ്രയുടെ ഭര്‍ത്താവാണ്, തന്റെ ”ഭാര്യയുടെ” വസ്ത്രങ്ങള്‍ മാറ്റാന്‍ നഴ്സിനെ സഹായിക്കാന്‍ ആവശ്യപ്പെടുന്ന ഒരു സാഹചര്യം ലജ്ജയില്ലാതെ പ്രയോജനപ്പെടുത്തുന്നുവെന്ന് വാരിയര്‍ ആരോപിക്കുമ്പോഴാണ് മോഹന്‍ലാല്‍ ഈ പരാമര്‍ശം നടത്തുന്നത്. ഒരു നായര്‍ ഒരിക്കലും ആ നിലയിലേക്ക് താഴുകയില്ല എന്ന് വ്യക്തമാക്കുന്നു. അപ്പോള്‍ ബാക്കിയെല്ലാവരും ചെയ്യുമെന്ന്!
ധ്രുവം – 1993
‘മറന്നും പൊറുത്തുമൊക്കെ ജീവിക്കാന്‍ ഞാന്‍ ബ്രാഹ്‌മണനോ, ശൂദ്രനോ, വൈശ്യനോ ഒന്നുമല്ല . മന്നാഡിയാര്‍ ക്ഷത്രിയനാ, ക്ഷത്രിയന്‍’
ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ധ്രുവം. അധ്വാനത്തിന്റെ അന്തസ്സ് എന്ന ആശയം നായകനില്‍ എത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. അഴിമതിക്കാരനായ ഒരു എംഎല്‍എയുമായുള്ള ഏറ്റുമുട്ടലില്‍, 15 വര്‍ഷം മുമ്പ് അയാള്‍ ഒരു ഡ്രൈവര്‍ മാത്രമായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തി മന്നാഡിയാര്‍ അയാളെ അപമാനിക്കുന്നു. ഓര്‍മ്മിക്കണം, 15 വര്‍ഷം മുന്‍പ് ഡ്രൈവറായിരുന്നയാളെ…
ആറാം തമ്പുരാന്‍ – 1997
‘നമുക്ക് പറഞ്ഞിട്ടുള്ളത് ഇത്രേയൊള്ളൂ. ഇനി ബാപ്പൂട്ടി കയറി അശുദ്ധമാക്കുന്നില്ല’
ജാതീയത ഏറ്റവും കൂടുതല്‍ പ്രകടമാക്കിയിട്ടുള്ള തിരക്കഥാകൃത്താണ് രഞ്ജിത്. അതിനു കുടപിടിച്ച സംവിധയകനാണ് ഷാജി കൈലാസ്. ഇവരുടെ സുവര്‍ണ കൂട്ടുകെട്ടില്‍ വിരിഞ്ഞ അത്യന്തം നികൃഷ്ടമായ ഒരു സിനിമയാണ് ആറാം തമ്പുരാന്‍. ഇതില്‍ ജഗന്നാഥന്റെ ബഡ്ഡിയായ ബാപ്പുട്ടി, കുളപ്പുള്ളി അപ്പന്‍ തമ്പുരന്റെ കോവിലകത്തിനകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഒഴിയുന്നത് ഈ ഡയലോഡ് പറഞ്ഞുകൊണ്ടാണ്.
1971 ബീയോണ്ട് ബോര്‍ഡേഴ്സ് – 2017
‘താന്‍ ഒക്കെ അമ്പലത്തില്‍ കയറാന്‍ തുടങ്ങീട്ട് അധികം നാള്‍ ഒന്നുമായില്ലലോ.’
താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ എല്ലാം മതസൗഹാര്‍ദം കുത്തിക്കയറ്റാന്‍ ശ്രമിക്കുന്ന ഒരു സംവിധായകനാണ് മേജര്‍ രവി. അങ്ങനെ മതസൗഹാര്‍ദ്ദം കുത്തിക്കീറിയ ഒരു ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേര്‍സ്. ഒരു വ്യക്തിയെ മനുഷ്യനായി കാണാതെ മറ്റൊരു വര്‍ഗ്ഗത്തില്‍ പെട്ട ആള്‍ ആയി കാണുന്ന ഒരാള്‍ക്ക് മാത്രമേ മതസൗഹാര്‍ദം കുത്തിക്കയറ്റാന്‍ കഴിയുകയുള്ളൂ. അതാണ് മേജര്‍ രവി ചെയ്തുകൊണ്ടിരുന്നത്. ഇത് ചെയ്യുന്നതിന്റെ ഇടയ്ക്ക് ഇദ്ദേഹത്തില്‍ നിന്നും അറിയാതെ ചാടിവീണ ജാതിയതയാണ് ഈ ചിത്രത്തിലുള്ളത്.
1971 ല്‍ വിരോധാഭാസങ്ങളുടെ പിതാവ് എന്ന് വിളിക്കപ്പെടാവുന്ന ഒരു സീനില്‍ മേജര്‍ സഹദേവന്‍ ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ഒരു മുസ്ലീം സുഹൃത്തിന് വേണ്ടി നിലകൊള്ളുന്നതിലൂടെ തന്റെ മതേതര അസ്ഥി പ്രദര്‍ശിപ്പിക്കുന്നു. അതിനായി അദ്ദേഹം ദളിതനായ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്ററോട് മേല്‍ പറഞ്ഞപോലെ പ്രഖ്യാപിക്കുന്നു.
മുസ്ലിം സമുദായം തങ്ങളില്‍ നിന്ന് വേറെ ആണ് എന്ന ചിന്തയാണ് അദ്ദേഹത്തിനെ കൊണ്ട് മുസ്ലിങ്ങളെ ജനിക്കാതെ പോയ അളിയന്‍ ആയും പെങ്ങള്‍ ആയും ചേട്ടന്‍ ആയും നിസ്‌കരിക്കുന്ന പട്ടാളക്കാരന്‍ ആയും ഒക്കെ ചിത്രികരിപ്പിക്കുന്നത്. ഒരു മനുഷ്യന്റെ ചിന്താ വൈകല്യമാണ് ഇതിലൂടെ മറനീക്കി പുറത്തു വരുന്നത്.
രസതന്ത്രം -2006
”ആശാരി പണി കുലത്തൊഴിലല്ല, ജയിലില്‍ പഠിച്ച തൊഴിലാണ്.’
രസതന്ത്രത്തില്‍, ആശാരിപ്പണി തന്റെ കുടുംബത്തില്‍ ഒരു പാരമ്പര്യമായി പ്രയോഗിക്കുന്ന ഒന്നല്ല, ജയിലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹം പഠിച്ച ഒരു വൈദഗ്ധ്യമാണെന്ന് നായകന്‍ പറയുന്നു. താഴ്ന്ന ജാതിയിലെ അംഗങ്ങള്‍ക്ക് മാത്രമുള്ള ഒരു തൊഴിലാണിതെന്ന വിശാലമായ ധാരണ.
ദേവാസുരം – 1993
‘നിന്റെ അച്ഛന്‍ മാധവ മേനോന്‍ അല്ലെന്നേയുള്ളു. എല്ലാം കൊണ്ടും യോഗ്യനായ ഒരാളായിരുന്നു. രാജ രക്തം തന്നെയാണ് ഈ ദേഹത്തും ഒഴുകുന്നത്’
രഞ്ജിത്തിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ ആണ് ഈ സിനിമ. താന്‍ വിചാരിച്ചതുപോലെ, താന്‍ മാന്യനായ പിതാവിന്റെ മകനല്ലെന്ന് അവന്റെ അമ്മ അവനെ അറിയിക്കുന്നു. താഴ്ന്ന ജാതിക്കാരനായ ഒരു മനുഷ്യന് ജനിച്ചതിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അയാള്‍ അസ്വസ്ഥനാകുമ്പോള്‍, അവന്റെ അമ്മയുടെ കാര്യസ്ഥന്‍ (പരിപാലകന്‍) അദ്ദേഹത്തിന് ഈ രാജകീയ ഉറപ്പ് നല്‍കുന്നു. വീണ്ടും നീലകണ്ഠന്‍ സന്തോഷവാനാകുന്നു.
ട്വന്റി ട്വന്റി – 2008
‘ഒരു നായരെ കൊണ്ട് സല്യൂട്ട് ചെയ്യിച്ചപ്പോള്‍ എന്താ സുഖം ‘
വീണ്ടും കഴിവ് തെളിയിക്കുക ആണ് ജോഷി ഇവിടെ. അദ്ദേഹത്തിന് എങ്ങനെയാണു ഇത്രയ്ക്ക് ജാതീയത വന്നത് എന്ന് മനസ്സിലാകുന്നില്ല. ഉയര്‍ന്ന ജാതിക്കാരന്‍ സല്യൂട്ട് ചെയ്യുന്നത് താഴ്ന്നജാതിക്കാരനെ സംബന്ധിച്ചെടുത്തോളം വളരെ വലിയ കാര്യമാണെന്ന് ചില ഉയര്‍ന്ന ജാതിക്കാര്‍ കരുതുന്നു എന്നതിന് വ്യക്തമായ തെളിവാണ് ഈ രംഗം. സിനിമയിലുടനീളം താഴ്ന്ന ജാതിക്കാരനായ സലിം കുമാറിന്റെ കഥാപാത്രത്തിനെ കോമഡിക്കു വേണ്ടി എന്ന വ്യാജേന ജാതീയമായി അവഹേളിക്കുകയാണ് സംവിധായകന്‍ ജോഷി.
ആര്യന്‍ -1998
‘എടോ തനിക്കെന്നോടുള്ള വിദ്വേഷം എന്താണെന്നു എനിക്കറിയാം. കീഴ്ജാതിക്കാരന്റെ അപകര്‍ഷത. ഒരു സവര്‍ണ്ണസ്ത്രീ 60 കഴിഞ്ഞ വൃദ്ധ ആണെങ്കില്‍ പോലും അവരെ വരെ പകയോടെ പ്രാപിക്കാന്‍ പോകുന്ന നിന്റെയൊക്കെ മനസ്സിലാണെടോ ജാതിയും അയിത്തവും.’
30000 ഔദ്യോഗിക ദളിത് കോളനികള്‍ ഉള്ള കേരളത്തില്‍ സവര്‍ണരുടെ മാത്രം ദാരിദ്ര്യം കണ്ട മഹാനാണ് T ദാമോദരന്‍ മാഷ് (ബല്‍റാം vs താരാദാസ് , മഹാത്മാ എന്നീ ചിത്രങ്ങള്‍ ബഹുകേമമാണ് ). അതിന് ഒപ്പം കിട്ടിയത് പ്രിയദര്‍ശനെ. പിന്നെന്തു വേണം! രണ്ടു പേരും ചേര്‍ന്നങ്ങു പൊളിച്ചടുക്കി.
വാരിയംകുന്നന്‍ -2020
മലയാള സിനിമയിലെ സവര്‍ണതക്ക് പരിഹാരം ഇസ്ലാമിക് ഫണ്ടമെന്റലിസം ആണെന്ന് മനസ്സിലാക്കിയ മഹാനും ആണുങ്ങളില്‍ ആണായ അബ്കാരി സംവിധായകനും ആണ് ആഷിക് അബു.
ചരിത്രം നേരാംവണ്ണം പഠിച്ച ഏതൊരാക്കുമറിയാം, നായര്‍ സമുദായത്തില്‍ പെട്ട ഒട്ടനവധി ആളുകളെ കൂട്ടക്കൊല ചെയുകയും അവരെ മതം മാറ്റുകയും ചെയ്ത അതി ക്രൂരനും മാനവിക വിരുദ്ധനുമാണ് വരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി എന്ന്. ഇദ്ദേഹത്തെ വെളുപ്പിക്കാന്‍ ആഷിക് അബു നടത്തുന്ന പരിശ്രമങ്ങള്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. അടച്ചുമൂടപെടേണ്ട ഒരു അദ്ധ്യായം കുത്തിപ്പൊക്കി സഹോദര്യത്തോടെ കഴിയുന്ന ഒരു ജനതയുടെ മനസ്സില്‍ വര്‍ഗീയതയുടെ വിത്തുപാകുന്ന സാമൂഹിക ദ്രോഹമാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ ചെയുന്നത്.
മാറ്റങ്ങളുടെ മാറ്റൊലി
12% ഉള്ള കേരളത്തിലെ ദളിത് വിഭാഗങ്ങളില്‍ നിന്ന് ഒരു സാമ്പത്തിക വിജയം ഉള്ള നായകനോ സാമ്പത്തിക വിജയമായ സിനിമാ കഥയോ കമ്മട്ടിപ്പാടം എന്ന സിനിമ ഇറങ്ങുന്നതു വരെ ഉണ്ടായിട്ടില്ല. എത്ര മഹത്തരമാണ് കമ്മട്ടിപ്പാടം! മുംബൈ പോലീസ്, പറവ, ഗപ്പി എന്നീ സിനിമകളും മുഴക്കുന്നത് മാറ്റത്തിന്റെ ശംഖൊലികളാണ്. വളരെ ചെറിയ കാലയളവില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ ശ്യാം പുഷ്‌കരനും പ്രേം മേനോനും രാജീവ് രവിക്കും റോഷന്‍ ആന്‍ഡ്രൂസിനും ഖാലിദ് റഹ്‌മാനും ജോണ്‍ പോള്‍ ജോര്‍ജ്ജിനും സൗബിന്‍ ഷാഹീറിനും വേണ്ടി കാഹളമുയരട്ടെ.
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
#Castisminmalayalammovies #Nairheroes #malayalammovies #Krishnakumar #Casteism