സുബിന്‍ നാട്പാക്
ഷിരൂര്‍ ഗംഗാവാലി (Shirur Gangavalley) എഴുതാന്‍ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചര്‍ച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ.
NH 66 ഇല്‍ നിര്‍മ്മിക്കാന്‍ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളില്‍ പ്രധാനി ആണ് ഈ സ്ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്ത്, അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകള്‍ ചെമ്മണ്ണില്‍ പൊതിഞ്ഞ ഉയര്‍ന്ന മലനിരകളാണിവിടെ. മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത് 289 മീറ്റര്‍ ആണ്. എന്നാല്‍ മറുവശത്തോ മിക്കപ്പോളും കരകവിയുന്ന ഏതാണ്ട് 150m മുതല്‍ 485m വരെ വിസതൃതിയില്‍ പലഭാഗത്തും ഒഴുകുന്ന ഗംഗവാലി നദി.
അപകടം നടന്ന ഭാഗത്തു 209m ആണ് സ്വാഭാവിക നദിയുടെ വീതി. എന്നാല്‍ അപകടം നടന്ന സമയങ്ങളില്‍ ഈ വീതി 252m വരെ ആയിട്ടുണ്ടായിരുന്നു എന്നുള്ളതാണ്. നദിയുടെ സ്വാഭാവിക നിരപ്പില്‍ നിന്നും ആദ്യത്തെ തട്ടിലെ റോഡ് 11 അടി പൊങ്ങി ആണ് നിക്കുന്നത് രണ്ടാമത്തെ പുതിയ റോഡ് ആദ്യ റോഡില്‍ നിന്നും ഏതാണ്ട് 9 അടി ഉയര്‍ന്നു നില്‍ക്കുന്നു. ഇടയ്ക്കു മലയുടെ അവശേഷിക്കുന്ന ഭാഗം അങ്ങനെ തന്നെ നില്‍പ്പുണ്ട്. ഈ റോഡിന്റെ അരികിലായി നില്‍ക്കുന്ന മല 289m പൊക്കത്തില്‍ ഏതാണ്ട് വളരെ ചെറിയ ചരിവില്‍ (slope) ഏതാണ്ട് ചെങ്കുത്തായി നില്‍ക്കുന്നു എന്ന് തന്നെ പറയാം.
ഈ മലയുടെ ഏതാണ്ട് 190 m മുകളില്‍ നിന്നും ആണ് മഴയില്‍ കുത്തനെ മലയിടിച്ചില്‍ നടന്നത്. ശരവേഗത്തില്‍ ടണ്‍ കണക്കിന് പാറയും, വെള്ളവും മണ്‍കൂനയും അതിശക്തമായി പതിച്ചു ഏതാണ്ട് 150m ഓളം പുതിയ റോഡിനെ മൂടിക്കൊണ്ട് താഴത്തെ റോഡും മുറിച്ചുകൊണ്ട് നദിയിലേക്ക് പതിച്ചു. ഒപ്പം 17500 കിലോ lpg ലോഡുമായി വന്ന് ആ ഭാഗത്തു പാര്‍ക്ക് ചെയ്തിരുന്ന ഏതാണ്ട് 22 ടണ്ണോളം വരുന്ന രണ്ടു ബുള്ളറ്റ് ടാങ്കറുകള്‍ അടിച്ചു തെറിപ്പിച്ചു നദിയിലേക് എറിഞ്ഞു. നദിയില്‍ ഏതാണ്ട് 5m ഓളം പൊക്കമുള്ള ഒരു കൂനയും ഉണ്ടാക്കി. ഇതാണ് വാക്കുകളില്‍ പറഞ്ഞാല്‍ ഏതാണ്ട് ആ മലയിടിച്ചിലിന്റെ തീവ്രത.
ടാങ്കറുകള്‍ കണ്ടെടുത്തപ്പോള്‍ ആ ഭാഗത്തെങ്ങും ലോറി കണ്ടില്ല എന്നതാണ് ലോറി ഒലിച്ചുപോയില്ല എന്ന നിഗമനത്തിലേക്കു ഉള്ള ഏക ചൂണ്ടുവിരല്‍. അതിനും ഉറപ്പു പറയാനാകില്ല ആര്‍ക്കും കണ്ടെത്തുന്നത് വരെ. നീളം കുറഞ്ഞ ഉരുളന്‍ തടികള്‍ കുറുകെ കയറ്റി കെട്ടി മുറുക്കിയതാണ് വാഹനത്തിലെ ലോഡ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.ദയവ് ചെയ്തു വണ്ടിയുടെ ലോഡും, വണ്ടിയുടെ ബ്രാന്‍ഡും പറഞ്ഞു അമിതമായി പൊലിപ്പിക്കരുത്. 190m ഉയരത്തില്‍ നിന്നും ഒരു കിലോ ഉള്ള ഒരു കല്ല് വീണാല്‍ തീവ്രത എത്ര (kE=PE=19.8190=1862 ജൂള്‍സ്. ഇനി ഒരു ടണ്‍ ഭാരം ഉള്ള വസ്തു വീണാല്‍ താഴെ എത്തുമ്പോള്‍ ഉള്ള ഊര്‍ജ്ജം എത്രയാകും? 18,62,000ജൂള്‍സ്) ഉണ്ടാകും എന്നോര്‍ക്കുക. അപ്പോളാണ് ടണ്‍ കണക്കിന് ഭാരമുളള വസ്തുക്കള്‍ ഈ ഉയരത്തില്‍ നിന്നും വന്ന് പതിച്ചപ്പോള്‍ ലോറിയുടെ ബ്രാന്‍ഡും, ഭാരവും ചേര്‍ത്ത് ക്‌ളീഷേ കഥകള്‍ നാം മിനഞ്ഞു പറയുന്നത്. ബുള്ളറ്റ് ടാങ്കര്‍ പോലെ വെള്ളത്തില്‍ ഇതു പൊങ്ങിനിക്കില്ല, ചെളിയില്‍ പുതയും എന്നുള്ള സാധ്യത കൂടി പരിഗണിച്ചേ മതിയാകു. അടുത്ത കഥ ac ഉള്ളോണ്ട് ഓക്കെ ആണെന്നാണ്. ഓക്‌സിജന്‍ ഇല്ലാതെ എഞ്ചിന്‍ പ്രവര്‍ത്തിക്കുമോ? പുക എങ്ങോട്ട് പോകും? ഇതൊന്നുമില്ലാതെ ac പ്രവര്‍ത്തിക്കുമോ? കഷ്ടം ആണ് മീഡിയയില്‍ ഇങ്ങനൊക്കെ പറയുന്നത് ??.
പിന്നെ രക്ഷ പ്രവര്‍ത്തനം. അത് ഇന്ത്യയിലെ ഏറ്റവും സാക്ഷര സമ്പന്നതയുള്ള കേരളത്തിലെ പോലെ ഇന്ത്യയില്‍ മറ്റൊരു സ്റ്റേറ്റിലും നോക്കരുത് എന്നുള്ള ബാലപാഠം ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒപ്പം ഇത്രേം പറഞ്ഞെന്നു വെച്ച് കേരളം ഇക്കാര്യത്തില്‍ ഏതോ വലിയ സംഭവം ആണെന്ന് ദയവ് ചെയ്തു തെറ്റിദ്ധരിക്കരുത്. വാസ്തവം അതല്ല. എമ്പതി കൂടുതല്‍ കാണിക്കും. ഒറ്റക്കെട്ടായി ഉള്ള അറിവില്‍ പൊരുതും എന്നേ ഉള്ളു. ഏറെ ദൂരം നമുക്ക് മെച്ചപ്പെടേണ്ടതുണ്ട്. പിന്നെ ഇവിടുത്തെ പോലെ ഇന്‍വെസ്റ്റിഗറ്റീവ് ജേര്‍ണലിസ മാത്സര്യം അത്ര തീവ്രമല്ല മറ്റു പല സ്റ്റേറ്റുകളിലും. ഓരോ സ്റ്റേറ്റും അവരുടെ രീതിയില്‍ അവരുടെ സിസ്റ്റം അനുസരിച്ചേ ചെയ്യൂ. നമ്മളും അങ്ങനെ തന്നെയാണ് എന്നോര്‍ക്കുക.. ഈ കാര്യത്തില്‍ അല്പം കൂടി മുന്നില്‍ ആണെന്നെ പറയാനുള്ളു. ബാക്കി മിക്കതിലും ലോക തോല്‍വിയുമാണ്.
അതിശക്തമായ കാറ്റ്, മഴ. തുടര്‍ ഉരുളപൊട്ടല്‍, മലയിടിച്ചില്‍ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നു എന്നത് ആദ്യ രണ്ടു ദിവസങ്ങളില്‍ കാര്യമായ തടസ്സങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും തുടക്കത്തിലേ അലസമനോഭാവം എടുത്തു പറയേണ്ടത് തന്നെ. റോഡിന്റെ വളവുള്ള ഈ ഭാഗത്തെ റോഡ് alignment പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം എല്ലാം മൂടപ്പെട്ടിരുന്നു എന്നത് വസ്തുത.
കേരളീയന്‍ ഇവിടുത്തെ മലയിടിച്ചില്‍ വെച്ച് അവിടെ നടന്നത് മനസുകൊണ്ട് കണക്കു കൂട്ടരുത്. ആനയും ആടും തമ്മിലുള്ള വ്യത്യാസം പോലെ ഭീമമാണ് അവിടെ നടന്നത്. ഒരു നാടന്‍ ബോംബും ആറ്റം ബോംബും പൊട്ടുന്ന വ്യത്യാസം ഉണ്ടതില്‍. രഞ്ജിത്ത് പോയിട്ട് അദ്ദേഹവും നേരിട്ട് അത് കണ്ടു മനസിലാക്കി ഇപ്പോള്‍ ആ ലൈനില്‍തന്നെ സംസാരിക്കുന്നുണ്ട്. അത് കേട്ടാലും നമുക്ക് തൃപ്തി കിട്ടുന്നില്ല. വൈബ്രേഷന്‍ ലോഡിങ് കൂറച്ചുകൊണ്ടേ അവിടെ റിക്കവറി സാധ്യമാക്കാന്‍ കഴിയു. അപ്പൊ നമ്മള്‍ ആശിക്കുന്നത് പോലെ 500 ജെസിബി കൊണ്ടു വന്നു ഒറ്റടിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതിനേക്കാള്‍ ഭീമമായ മണ്ണിടിച്ചിലിന് അത് വഴിയൊരുക്കും. മലയിടുക്കുകള്‍ ആയതിനാല്‍ വാഹനങ്ങളുടെ എന്‍ജിന്‍ വൈബ്രേഷന്‍ തന്നെ നല്ല പ്രകമ്പനം ഇവിടെ സൃഷ്ടിക്കുന്നുണ്ട്. ഈ ഭാഗത്തു വാഹനം ഓടിക്കുന്നവര്‍ക്ക് അതറിവുള്ളതുമാണ്. ജിപിഎസ് സംവിധാനം തരുന്ന സിഗ്‌നല്‍ മിനിമം 4 സാറ്റലൈറ്റ്റ്റുകളുടെ കവറേജ് ആ ഭാഗത്തു ആ വാഹനത്തിന്റെ ജി പി എസില്‍ കിട്ടിയാലേ ഏതാണ്ട് 20m ആക്കുറസിയില്‍ എങ്കിലും റീഡിങ് കിട്ടുകയുള്ളു അതും നല്ലൊരു ബ്രാന്‍ഡ് മോഡ്യൂള്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ മാത്രം. അതും മണ്ണ് വീണതോടെ അതിന്റെ പ്രവര്‍ത്തനം നിന്നു.
ഫ്‌ളാറ്റ് ടൈപ്പ് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ആണ് ഉപയോഗിക്കാന്‍ കഴിയുക. കാരണം അതിനു മാത്രമേ വാഹനത്തിന്റെ ഏതാണ്ട് രൂപരേഖയോടെ മണ്ണിനടിയില്‍ കിടക്കുന്നത് തിരിച്ചറിയാന്‍ ഒക്കു എന്നതിനാലാണ്. ഏതേലും മെറ്റല്‍ സാന്നിധ്യം നോക്കിയിട്ട് കാര്യമില്ലല്ലോ ഏതാണ്ട് വാഹനത്തിന്റേത് എന്നു ഉറപ്പിക്കണമെങ്കില്‍ ഇതു ഉപയോഗിക്കണം. പക്ഷെ ഇതിനു പരിമിതിയുണ്ടെന്നറിയുക. ഫ്‌ളാറ്റ് അത്യാവശ്യം ഉറപ്പുള്ള ബേസില്‍ വെച്ച് ഓപ്പറേറ്റ് ചെയ്താലേ അല്പമെങ്കിലും ക്ലാരിറ്റിയില്‍ നിഗമനം നടത്താനാകു. അതുകാരണം ഇതു ഓപ്പറേറ്റ് ചെയ്യിക്കാന്‍ പറ്റിയ സ്ഥലം ഒരുക്കി ഒരുക്കി വേണം നീങ്ങാന്‍. അതും ഇതിനായി ധൃതിയില്‍ പരിശ്രമിക്കുമ്പോള്‍ കൂടുതല്‍ അപകടം വരുത്താന്‍ ഇടവരുത്തുന്നില്ല എന്നു 100% ഉറപ്പുണ്ടാക്കിയെ മുന്നോട്ട് ഒരിഞ്ച് നീങ്ങാന്‍ ആകു.
ഇതൊന്നും ഇതുപോലെ വലിയൊരു കൂനയിടിഞ്ഞു കിടക്കുന്നിടത്തു എളുപ്പത്തില്‍ വേഗത്തില്‍ ചെയ്യാവുന്നതല്ല. ഒരു സര്‍ജന്‍ ഓപ്പറേഷന്‍ തീയറ്ററില്‍ രോഗിയുടെ ദേഹം ഒറ്റയടിക് ശരീരത്തിലെ എല്ലാ ലയറുകളും മുറിയുന്ന ബലത്തില്‍ മുറിവുണ്ടാക്കി പെട്ടെന്ന് സര്‍ജറി ചെയ്തു തീര്‍ത്താല്‍? എങ്കില്‍ എളുപ്പമല്ലാരുന്നോ സര്‍ജറി? ഇപ്പോള്‍ നടക്കുന്നതിന്റെ പതിന്മടങ് വേഗത്തില്‍ തീര്‍ന്നേനെ. അഞ്ചും പത്തും മണിക്കൂറുകള്‍ സര്‍ജറി ടീമും, രോഗിയുടെ വീട്ടുകാരും ഒക്കെ ടെന്‍ഷനും സ്ട്രെസ്സും അടിക്കേണ്ട കാര്യമുണ്ടോ? രോഗിക്ക് അത്രേം മണിക്കൂറുകള്‍ ഏറ്റവും റിസ്‌ക്കുള്ള അനസ്ഥേഷ്യ നല്‍കി റിസ്‌ക് നീട്ടേണ്ടതുണ്ടോ? ഒറ്റയടിക്ക് വേണ്ട ആഴത്തില്‍ നമ്മള്‍ കോഴിയെ മുറിക്കും പോലെ മുറിവ് ഇടുന്നു സ്പീഡില്‍ അവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നു എല്ലാം കൂടി ചേര്‍ത്ത് വെച്ച് തുന്നുന്നു. സര്‍ജറി ശുഭം. അങ്ങനെ പോരാരുന്നോ? എന്തെ സാധ്യമാകില്ലേ? ഇല്ല ഒരിക്കലും സാധ്യമല്ല. ചര്‍മ്മത്തില്‍ തുടങ്ങി ദേഹത്തെ ഓരോ ലയറിനെയും ഭേദിക്കാന്‍ വേണ്ട അളവില്‍ വ്യത്യസ്തമായ മര്‍ദ്ദം നല്‍കി സാവധാനം മുറിവുണ്ടാക്കി തുറന്നു തുറന്നു അകത്തു കടന്നു പ്രശ്‌നം പരിഹരിച്ചു തിരികെ അതുപോലെ ഓരോ ലയറും സീല്‍ ചെയ്തു പുറമെ എത്തി രോഗി പൂര്‍ണ്ണ ബോധത്തിലെത്തി മൂത്രവും പോയി കഴിയുമ്പോള്‍ മാത്രമേ സര്‍ജറി അവിടം വരെ പോലും വിജയിക്കുന്നുള്ളു. അതുപോലെ തന്നെയാണ് ദുരന്ത നിവാരണവും. ഇതൊക്കെ പറഞ്ഞാല്‍ എന്നെ കുരിശില്‍ കയറ്റും. എങ്കിലും ഉള്ളത് പറഞ്ഞെന്നെ ഉള്ളു.
പിന്നെ ഷിരൂരില്‍ സംവിധാനങ്ങള്‍, പോലിസ് ഗവണ്മെന്റ് ഒക്കെ ഒട്ടും തുടക്കത്തില്‍ വേണ്ട ഉത്സാഹം കാണിച്ചില്ല എന്നത് കുറച്ചൊക്കെ വാസ്തവം ആണ് അല്പം കൂടി ഊര്‍ജ്ജിതമാകാമായിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് വന്ന് തുടങ്ങിയത് തുടക്കത്തില്‍ ഉപകരിച്ചിരിക്കണം.
പിന്നെ അടുത്തത് മാധ്യമങ്ങളെ അടുപ്പിച്ചില്ല എന്നതും, മനാഫിന്, ക്യാമറ മാനു ഒക്കെ പോലീസ് വക പിടിച്ചു തള്ള് കിട്ടിയതും. അതെ പറ്റി പറഞ്ഞാല്‍ കേരളത്തില്‍ ഒരു സെന്‍സിറ്റീവ് വിഷയം നടന്നാല്‍ അന്യ സംസ്ഥാനങ്ങളുടെ മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്ന സമീപനം ഉണ്ടാകുമോ? ഒരിക്കലും ഇല്ല. ഇത്രേം അപകട സാധ്യത ഉള്ളിടത്തു പൊതുജനത്തെയോ മാധ്യമത്തെയോ സ്വതന്ത്രമായി വിടാന്‍ കഴിയുമോ? ഇല്ലേ ഇല്ല. അവിടുത്തെ സെന്‍സിറ്റീവ് വിഷയങ്ങള്‍ കേരളത്തില്‍ വലിയ വാര്‍ത്തയാകുന്നത് അറിഞ്ഞുകൊണ്ട് അവര്‍ അനുവദിക്കുമോ? ഇല്ല. നമ്മള്‍ പ്രബുദ്ധര്‍ എന്നല്ലേ സ്വയം പറയുന്നത് നമ്മള്‍ ആണേല്‍ അത് ചെയ്യുമോ? ഇല്ല. എന്ത് വിലകൊടുത്തും അവരെ തടയും. അതിവിടെയും നടന്നു. അവര്‍ വെച്ചേക്കുന്ന കണ്ട്രോള്‍ ലൈന്‍മറികടക്കാന്‍ നോക്കിയപ്പോള്‍ അവര്‍ ബലം പ്രയോഗിച്ചു. പിന്നെ അല്പം നയപരമാകാമായിരുന്നു പക്ഷെ അത് അവിടെ ഉളള നിയമപാലകരുടെ സ്വഭാവം പോലെയിരിക്കും അല്ലേല്‍ അവിടുത്തെ തര്‍ക്ക സാഹചര്യം പോലെയിരിക്കും. രഞ്ജിത്തിനോട് സര്‍ട്ടിഫിക്കറ്റ് ചോദിച്ചു അതിലെന്താണ് തെറ്റ്? അങ്ങനെ എങ്കില്‍ ആരെയും കേറ്റി വിട്ടുകൂടെ? ഇനി ഇതുപോലെ എല്ലാരേം കയറ്റി വിട്ടു പെട്ടെന്ന് മറ്റൊരാപത്തു വന്നാല്‍ അപ്പൊ നമ്മള്‍ എന്ത് പറയും? അവര്‍ ചെയ്തത് ശരിയെന്നു ചര്‍ച്ച നടത്തുമോ? ഒരിക്കലുമില്ല അപ്പോള്‍ നേരെ തിരിച്ചു പറയും വാദി പ്രതിയാകും. അതാണ് നമ്മള്‍. ഇവിടെ പോലീസുകാരെ എന്തേലും തര്‍ക്കത്തിന് ജനം ലൈവ് റെക്കോര്‍ഡ് ചെയ്താല്‍ ഉടനെ മൊബൈല്‍ കാക്കിയുടെ ബലത്തില്‍ പിടിച്ചു വാങ്ങി എറിഞ്ഞ് പൊട്ടിക്കുന്ന സംഭവം എത്രയോ ഉണ്ട്.
ഞാന്‍ ആണ് ഈ സ്ഥാനത്തു എങ്കില്‍ ഞാനും ആദ്യം ഈ സ്ഥലം കണ്ട്രോള്‍ ലൈന്‍ ഫിക്‌സ് ചെയ്തു പ്രവേശനം വിലക്കിയേ ഒരിഞ്ച് മുന്നോട്ട് പോകു.
ഇവിടെ മീഡിയ ഇതു നല്ലതുപോലെ പൊലിപ്പിക്കുന്നുണ്ട് അത് ഒഴിവാക്കാമായിരുന്നു. നഷ്ടം ആ കുടുംബത്തിന്. പിന്നെ ഡ്രൈവര്‍ ആയാലും ഒരു ജീവി ആയാലും എല്ലാ ജീവനും വിലപ്പെട്ടതാണ്. ഒരു വയലന്‍സ് സീനില്‍ നില്‍ക്കുമ്പോള്‍ ഒരുപക്ഷേ ഉദ്യോഗസ്ഥന് വാക്കുകള്‍ പിഴച്ചതാകാം. എങ്കിലും ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വലിയ തെറ്റ് തന്നെ. നമുക്കത് കേട്ടറിവ് മാത്രമാണ്. തെളിവില്ല എന്നതും യാഥാര്‍ഥ്യം. മലയാളികള്‍ ഇതിനെ വല്ലാണ്ട് ഓവര്‍ ആക്കുന്നു.
പ്രകൃതി പിണങ്ങിയാല്‍ വലിയ ആപത്തുകള്‍ ഉണ്ടാകും. എത്ര കണ്ടു ശാസ്ത്രം പുരോഗമിച്ചാലും ചന്ദ്രനില്‍ നമ്മള്‍ പോകുന്ന ടെക്‌നോളജി ഉണ്ടായാലും ശരി മണ്ണിനടിയില്‍, വെള്ളത്തിനടിയില്‍ എത്തിപ്പെടുന്നത് ഏറെ ശ്രമകരം തന്നെ. ആമയിഴഞ്ചാന്‍ തോടില്‍ വീണ ജോയ് ചേട്ടനെ നമ്മള്‍ രാവും പകലും ഒരു മനസ്സോടെ തപ്പി മലയാളി പൊളിയാണ് എന്നുപറയുമ്പോളും ഓര്‍ക്കുക നമ്മള്‍ കണ്ടുപിടിക്കാന്‍ പരമാവധി ശ്രമിച്ചു സത്യമാണ്. പക്ഷേ നമ്മുടെ രക്ഷപ്രവര്‍ത്തനം ഏറ്റവും പ്രൗഡം എന്നൊന്നും പറയാന്‍ കഴിയില്ല. ഒരേ മനസ്സോടെ നമ്മള്‍ നമ്മുടെ ഊഹം വെച്ച് പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. ബോഡി കിട്ടി അതോടെ തപ്പലും തീര്‍ന്നു മാലിന്യം വാരലും തീര്‍ന്നു നമ്മള്‍ അടുത്ത വിഷയം തപ്പി ഓടി.
അര്‍ജുന്‍ എന്ന ആ സഹോദരന്‍ ജീവന്റെ തുടിപ്പോടെ മടങ്ങി വരുന്നത് കാത്തു ഞാനും നിങ്ങളെ പോലെ ഇരിക്കുന്നു. ഈ വിഷയത്തില്‍ ആദ്യ ദിവസങ്ങളില്‍ അലംഭാവം ഉണ്ടായി എന്നു പറയുമ്പോളും അവിടുത്തെ രീതി നമ്മള്‍ കേരളവും ആയി താരതമ്യം ചെയ്തു നോക്കിയതുകൊണ്ടാണ്. ആദ്യ ദിവസങ്ങളില്‍ കാലാവസ്ഥ തീരെ അനുകൂലമായിരുന്നില്ല. ആ സ്ഥലത്തു തമ്പടിച്ചു ഒന്നും ചെയ്യാന്‍ പറ്റിയ അവസ്ഥ ആയിരുന്നില്ല. അത് കണ്ടിരുന്നേല്‍ ഒരുപക്ഷെ ജനങ്ങള്‍ തീവ്രത മനസിലാക്കിയേനെ. കാമറയുടെ ലിമിറ്റഡ് ഫ്രയ്മില്‍ കണ്ടു തെറ്റായി വിലയിരുത്തരുത്. പിന്നെ ദുരന്ത നിവാരണത്തില്‍, സാക്ഷരതയില്‍ എന്നത് പോലെ തന്നെ അവര്‍ നമ്മളെക്കാള്‍ അല്പം പുറകിലാണ് എന്നുള്ളത് വസ്തുതയാണ്. നമ്മള്‍ സ്വപനത്തില്‍ പോലും കണ്ടിട്ടുള്ള ലാന്‍ഡ് സ്ലൈടും അല്ല അവിടെ നടന്നത് അതി ഭീമമായ ഒന്നാണ്. അതിനേക്കാള്‍ അവിടം പരിസ്ഥിതിലോലം ആയതുകൊണ്ട് റിക്കോവറി ഏറെ ശ്രമകരവും, സമയം കവരുന്നതുമാണ്. അസമയത്തു നിര്‍ത്തിവെക്കുന്നത് ഇതൊക്കെ കൊണ്ടാകാം.
ഇനി നമ്മുടെ മലയോര മേഖലകളില്‍ ഒക്കെ ഈ സ്ഥിതിഗതി ഇത്ര തീവ്രമല്ല എങ്കിലും എപ്പോഴും വരാം. വാഹനം ഓടിക്കുന്നവര്‍ അറിയുക മിക്ക റോഡുകളും ഒരു വശം ചെങ്കുതായ മലയും ഇപ്പുറം താഴ്വരയും ആകാം. ഇങ്ങനെ ഉള്ള സ്ഥലങ്ങളില്‍ മല വരുന്ന വശത്തു റോഡില്‍ ആ സൈഡില്‍ മഞ്ഞ വരയാണെങ്കില്‍ ഒരു കാരണവശാലും വാഹനം അവിടെ നിര്‍ത്തി വിശ്രമിക്കരുത് ഏതു നിമിഷവും അപകടം വന്നേക്കാം. പുനലൂര്‍-പാലോട് ഹൈവേയില്‍ ഒക്കെ സ്ഥിരം ഈ കാഴ്ച കാണാറുണ്ട്. കുത്തനെ മലയെ വെട്ടി അരിഞ്ഞു നിര്‍ത്തിയാണ് പലയിടത്തും റോഡ് ഉണ്ടാക്കി വച്ചിരിക്കുന്നത്. ചെലവ് കൂടുമെന്നതിനാല്‍ ഇവിടെയെങ്ങും റിറ്റൈനിങ് വാള്‍ കെട്ടാറില്ല. വലിയ അപകടസാധ്യതകള്‍ സമീപ ഭാവിയില്‍ ഇവ വിതക്കും. ഇവിടെയും ഈ അപകടം പറ്റിയത് അങ്ങനെയാണ്. അല്പം സ്ഥലം ഉള്ളിടത്തു വാഹനങ്ങള്‍ നിര്‍ത്തും, സ്വഭാവികമായി കടകള്‍ വരും പ്രകൃതിയെ തലങ്ങും വിലങ്ങും ക്ഷമത പോലും നോക്കാതെ വെട്ടിമുറിച്ചു റോഡുണ്ടാക്കി. മുറിച്ചിടത്തു പിന്നെ അപകട സാധ്യത ഉണ്ടാകാതിരിക്കാന്‍ റിറ്റൈനിങ് വാള്‍ കെട്ടുകയോ മറ്റു മാര്‍ഗങ്ങള്‍ എടുക്കുകയോ ചെയ്യേണ്ടത് ചിലവുചുരുക്കല്‍, മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ ഒക്കെ പറഞ്ഞു ഒഴിവാക്കി നാം വിടും. ഫലമോ ഇതുപോലുള്ള ആപത്തുകള്‍. നമ്മുടെ നാട്ടില്‍ ഇതു റോഡ് സൈഡില്‍ ഇനി കാണാന്‍ കിടക്കുന്നതെ ഉള്ളു.
അര്‍ജുന്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നതും പ്രാര്‍ത്ഥിച്ചു നിര്‍ത്തട്ടെ. ഒപ്പം രക്ഷകിട്ടാന്‍ നേരിയ സാധ്യത ഉണ്ടാകുന്നേല്‍ കൂടി ചുറ്റുപാട് ഇരുട്ടില്‍ ഓക്‌സിജന്‍ പോലും നേരിയ അളവില്‍ ഉള്ളിടത്തു ഒറ്റപ്പെട്ടുപോയ ആളുടെ anxiety മരണത്തിലേക്ക് നയിക്കാതെ ഇരിക്കണമെങ്കില്‍ അത്ര അമാനുഷികമായ മനക്കരുത് ഉണ്ടായെങ്കില്‍് മാത്രമേ കഴിയു. അതൊക്കെ സാധ്യമാകട്ടെ എന്നു പ്രത്യാശിക്കുന്നു എന്നല്ലാതെ എന്താ പറയുക ??. കണ്ണടച്ച് 5 മിനുട്ട് ഇരുന്നു നോക്കിയാല്‍ അറിയാം നമ്മുടെ മനസിന്റെ ഉള്‍ഭയം. ഈ സംഭവം എനിക്ക് വന്നാലും എന്റെ കുടുംബത്തില്‍ ആര്‍ക്കു വന്നാലും ഇതേ വേദന മനസ്സില്‍ ഉണ്ടാകും ഒപ്പം യാഥാര്‍ഥ്യമെന്ന ബോധവും വേദനാജനകം എങ്കിലും ഉള്‍ക്കൊണ്ടേ മതിയാകു. കണ്ടെത്തും വരെ ശ്രമകാരമായി പൊരുതുക തന്നെ.മാധ്യമങ്ങള്‍ കണ്ടു അതില്ലാതാക്കരുത്.
സാമൂഹിക പ്രതിബദ്ധതയോടെ സുബിന്‍, നാട്പാക്
NB: ഇതൊക്കെ ആരേലും വായിക്കുമോ എന്തോ? വായിച്ചാല്‍ എന്നെ വിലക്കപ്പെട്ടവന്‍ ആക്കിയേക്കും. ഡ്രൈവര്‍മാരോട് ഒരപേക്ഷ ഉണ്ട്. കാലാവസ്ഥ പ്രതികൂല സാഹചര്യങ്ങളില്‍ നമ്മുടെ നാട്ടില്‍ ആയാലും അല്പം സ്ഥലം കിട്ടുന്നിടത്തു ചുറ്റുപാടത്തെ സാഹചര്യങ്ങള്‍ വിലയിരുത്താതെ വാഹനം പാര്‍ക്ക് ചെയ്യരുത്. വെട്ടി മുറിക്കപ്പെട്ടതും, പെടാത്തതും ആയ ഒരു മലനിരയും ഇപ്പോളത്തെ വനനശികരണവും മറ്റു പ്രക്രിയകളും മൂലം സുരക്ഷിതമല്ല എന്നോര്‍ക്കുക. നമ്മുടെ രക്ഷ നമ്മുടെ കൈകളിലാണ്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47