Thamasoma News Desk
ഒരു അധ്യാപക ദിനം (Teachers day) കൂടി കടന്നു പോയി. അധ്യാപകരെ ബഹുമാനിക്കേണ്ടതിന്റെയും ആദരിക്കേണ്ടതിന്റെയും പ്രാധാന്യം നാനാ കോണില്‍ നിന്നും ഉയര്‍ന്നു വരുന്നുമുണ്ട്. പഴയ കാലം പോലെയല്ല, ഇപ്പോള്‍ അധ്യാപകരോട് ആര്‍ക്കും ബഹുമാനമില്ല എന്ന മുറവിളിയും കേള്‍ക്കുന്നുണ്ട്. ഉയര്‍ന്ന ജോലിയും ഉയര്‍ന്ന സമ്പാദ്യവുമാണ് ജീവിത വിജയവും ഉന്നതിയുമെന്നു ചിന്തിക്കുന്ന അധ്യാപകര്‍ക്കിടയിലേക്ക് ഈ ലേഖനം കൂടി ചേര്‍ത്തു വയ്ക്കുന്നു. ജംഷിദ് പള്ളിപ്രം എന്നയാള്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികളാണിത്.
അധ്യാപക ഭക്തിയോട് എനിക്ക് പൊതുവെ താത്പര്യമില്ല. ഒരുപക്ഷെ ഞാന്‍ ഒരു മോശം വിദ്യാര്‍ത്ഥി ആയത് കൊണ്ടാവാം. എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരും കൃത്യമായി പണം വാങ്ങിയവരാണ്. പഠനകാലത്ത് വളരെ കഷ്ടപ്പെട്ടാണ് പലപ്പോഴും ഫീസ് നല്‍കിയിരുന്നത്. ഫീസ് നല്‍കാന്‍ വൈകിയാല്‍ അധ്യാപകര്‍ ക്ലാസിന് പുറത്ത് വരാന്തയില്‍ നിര്‍ത്തും.
പണം നല്‍കാതെ ഒരാളും ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. കാരണം പണത്തിന് വേണ്ടി തന്നെയാണ് അധ്യാപകരും ജോലി ചെയ്യുന്നത്. അതൊരു മോശം പ്രവര്‍ത്തിയാണെന്നല്ല അര്‍ത്ഥം.
എല്ലാ ജോലികള്‍ക്കും അതിന്റെതായ അന്തസ്സുണ്ട് എന്നാണ് എന്റെ വിശ്വാസം . ക്ലീനിംഗ്, ഫിഷിംഗ്, കുക്കിംഗ് etc. തീര്‍ച്ചയായും അധ്യാപക ജോലിക്കുമുണ്ട്. ‘ എടോ… നീ ഒക്കെ വാര്‍ക്ക പണിക്ക് പോവുന്നതാ നല്ലത്…’ ഓര്‍ത്ത് നോക്കിയേ.. നിങ്ങള്‍ എപ്പോഴെങ്കിലും ഈ ഡയലോഗ് കേള്‍ക്കാതെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞിട്ടുണ്ടോ.
‘ പറ്റില്ലെങ്കില്‍ മീന്‍ പണിക്ക് പോയിക്കോ…’
കേട്ടിട്ടുണ്ടോ…? ഉണ്ടാവും. നിങ്ങളുടെ അധ്യാപകര്‍ നിങ്ങളുടെ ക്ലാസില്‍ മുഴക്കിയ ഭീഷണികളാണ്. എല്ലാവരും ഡോക്ടറും എഞ്ചിനീയറും ടീച്ചറും ഒക്കെ ആയാല്‍ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് ഞാന്‍ ആലോചിട്ടുണ്ട്. നല്ലൊരു വാര്‍ക്ക പണിക്കാരനില്ലെങ്കില്‍ ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ സുരക്ഷിതമായി നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുമോ…? പുലര്‍ച്ചെ ആഴക്കടലില്‍ പൊയി കടലിനോട് മല്ലിട്ട് ഒരു മുക്കുവന്‍ മീന്‍ കൊണ്ടു തന്നില്ലെങ്കിലോ…?
സത്യത്തില്‍ എഞ്ചിനീയര്‍ മുതല്‍ മികച്ചൊരു വാര്‍ക്ക പണിക്കാരന്‍ കൂടി ചേര്‍ന്നുണ്ടാകുന്നതല്ലേ ഉറപ്പുള്ള ഒരു കെട്ടിടം. ഒരിക്കല്‍ ക്ലാസില്‍ കേട്ട വൃത്തികെട്ട തമാശ പറയാം:
അധ്യാപകന്‍ ക്ലാസിലേക്ക് വരുന്നു. ശേഷം അയാള്‍ വിദ്യാര്‍ത്ഥികളെ നോക്കി പറഞ്ഞു.
‘ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ ഒക്കെ ഉന്നതനിലയിലാണ്. അതിലൊരുത്തനെ ഞാന്‍ വരുമ്പോള്‍ കണ്ടു. അവന്‍ ഉയരത്തിലുള്ള ഒരു ബിള്‍ഡിംഗിന് വൈറ്റ് വാഷ് അടിക്കുകയാണ്.’ ക്ലാസ് മുഴുവന്‍ ചിരിച്ചു. അധ്യാപകരുടെ ഹെയ്റ്റ് ജോക്കിന് ചിരിച്ചു കൊടുക്കണം എന്നാണ് നാട്ടുനടപ്പ്. അതിനപ്പുറം അയാളുടെ പുച്ഛം നിങ്ങള്‍ ശ്രദ്ധിച്ചോ. അന്തസ്സ് എന്നത് ഇതുപോലുള്ള സൈക്കോപാത്തുകളുടെ ഹെയ്റ്റ് ജോക്കുകളില്‍ നിന്ന് പഠിക്കേണ്ടതല്ല. അയാള്‍ അയാളുടെ ജോലിയില്‍ മാത്രമാണ് അന്തസ്സ് കാണുന്നത്. അല്ലെങ്കില്‍ അതിനെക്കാള്‍ ഉയര്‍ന്നതെന്ന് പറയുന്ന ജോലികളിലും.
മറ്റു തൊഴിലുളെ പുച്ഛിക്കുന്ന വിലകുറഞ്ഞ തമാശ കേട്ട് നിങ്ങള്‍ ചിരിച്ചു കൊടുക്കരുത്. നിങ്ങളുടെ ഓരോ ചിരിയും ഈ സൈക്കോപാത്തുകളെ മാനസിക ലഹരിയിലേക്ക് തള്ളിവിടുകയാണ്.
ഓര്‍ക്കേണ്ടത് നിങ്ങളുടെ ഉള്ളിലാണ് നിങ്ങളുടെ ഡിഗ്‌നിറ്റി. ആശാരി, വാര്‍ക്കപ്പണി, പെയിന്റര്‍, എഞ്ചിനീയര്‍, ഡോക്ടര്‍ whatever it is ഏതു തൊഴില്‍ ചെയ്താലും ചെയ്യുന്ന ജോലിക്ക് അന്തസ്സുണ്ട്. ഇവിടെ അധ്യാപകരെ മാത്രം ദൈവീക വത്കരിക്കേണ്ടതോ ആരാധിക്കേണ്ടതോ കാര്യമില്ല. അവരും നമ്മളെ പോലെ ജീവിക്കാന്‍ വേണ്ടി തൊഴില്‍ ചെയ്യുന്നവരാണ്. ആ ബഹുമാനം മാത്രം നല്‍കിയാല്‍ മതിയാകും.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975