സംരക്ഷിച്ചു കൂടെനിന്ന ആ മകനെ അവഗണിച്ച ആ പിതാവോ സ്‌നേഹസാഗരം??

Jess Varkey Thuruthel

വയസായ, ജരാനരകള്‍ ബാധിച്ച, വയോധികനായ ഒരു പിതാവിന്റെ രണ്ടു മക്കളെക്കുറിച്ചുള്ള കഥയാണ് ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ, ലൂക്കാ സുവിശേഷകനിലൂടെ ബൈബിള്‍ പറയുന്നത്. എത്ര കൊടിയ പാപം ചെയ്താലും തെറ്റുമനസിലാക്കി തിരികെ എത്തിയാല്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നവനാണ് ദൈവമെന്നു പറയാനാണ് സുവിശേഷകന്‍ ഈ ഉപമ പറയുന്നത്. ലൂക്കായുടെ സുവിശേഷം 15-ാം അധ്യായം 11 മുതല്‍ 32 വരെയുള്ള വാക്യത്തിലാണ് ഈ ഉപമയുള്ളത്. കരുണാമയനായ ഒരു പിതാവായിട്ടാണ് സുവിശേഷകന്‍ ഇദ്ദേഹത്തെ ഇവിടെ വരച്ചു കാണിക്കുന്നത്. പക്ഷേ, ഏറ്റവും വലിയ നീതികേടിന്റെ പര്യായമാണ് ആ പിതാവെന്ന് മനസിലാക്കാന്‍ സത്യസന്ധനായ മകന്റെ പ്രതികരണം മാത്രം മതിയാകും.

കാണാതെ പോയ ആടിനെ തേടി അലയുകയും കണ്ടെത്തുവോളം അത്യധികം ആകുലപ്പെടുകയും ചെയ്യുന്ന ആട്ടിടയനാണ് താനെന്ന് സുവിശേഷത്തിലുടനീളം ദൈവത്തെ വിശേഷിപ്പിക്കുന്നുണ്ട്.

ധൂര്‍ത്തപുത്രന്റെ ഉപമ ഇപ്രകാരമാണ്. വയോവൃദ്ധനായ ഒരു പിതാവ്, തന്റെ രണ്ടു മക്കളില്‍ ഇളയവന് അവന്‍ ആവശ്യപ്പെട്ടതനുസരിച്ച് പിതൃസ്വത്തിലുള്ള പങ്ക് വീതിച്ചു കൊടുക്കുന്നു. കിട്ടിയ ധനവുമായി വിദൂരദിക്കില്‍ പോയ അവന്‍ എല്ലാം ധൂര്‍ത്തടിച്ചു നശിപ്പിക്കുന്നു. കുത്തഴിഞ്ഞ ജീവിതമാണ് ആ മകന്‍ നയിച്ചത്. അധാര്‍മ്മികമായി ജീവിച്ച അവന്റെ കൈയിലെ പണം അതിവേഗം തീര്‍ന്നു. അവന്‍ ദരിദ്രനായി. പണമുണ്ടായിരുന്നപ്പോള്‍ അര്‍മ്മാദിച്ചു കൂടെ കൂടിയ ആരും അവനെ തിരിഞ്ഞു നോക്കിയില്ല. അവന്റെ പണത്തിന്റെ പങ്കു പറ്റിയവരെല്ലാം അവനെ ഉപേക്ഷിച്ചു പോയി. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ അവന്‍ വലഞ്ഞു.

ആഹാരത്തിനുള്ള വകയുണ്ടാക്കാനെങ്കിലും പണി ചെയ്‌തേ തീരൂ. പക്ഷേ, നല്ല പണിയൊന്നും അവന് കിട്ടിയതേയില്ല. ഏറെ നാളത്തെ അലച്ചിലുകള്‍ക്കൊടുവില്‍ പന്നികളെ മേയ്ക്കുന്ന ജോലി അവനു കിട്ടി. ജോലിക്കാരോടു ക്രൂരമായി പെരുമാറുന്ന ഒരാളായിരുന്നു അയാളുടെ യജമാനന്‍. പന്നികള്‍ക്കു കൊടുക്കുന്ന തവിടു പോലും പലപ്പോഴും അവനു ലഭിച്ചില്ല. ആ അവസരത്തില്‍ അവന്‍ ചിന്തിച്ചു, അവന്റെ പിതാവിന്റെ വീട്ടില്‍, ജോലിക്കാരോടു പോലും വളരെ ബഹുമാനത്തോടെയും അന്തസോടെയും കൂടിയാണ് പെരുമാറുന്നത്. ആ ജോലിക്കാരില്‍ ഒരുവനായി അവിടെ കൂടിയാല്‍ ആഹാരമെങ്കിലും കഴിക്കാനാവും. അങ്ങനെ അയാള്‍ വീട്ടിലേക്കു തിരികെ പോകുന്നു.

മകന്‍ ദൂരെ ആയിരിക്കുമ്പോഴേ അവന്റെ വരവു കണ്ട പിതാവ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു സ്വീകരിച്ചു. ആ തിരിച്ചുവരവില്‍ ആഹ്ലാദചിത്തന്നായ അയാള്‍, കൊഴുത്ത കാളക്കുട്ടിയെ (‘fatted’ calf) കൊന്ന് സദ്യയൊരുക്കി ആതാഘോഷിക്കുക കൂടി ചെയ്തു. പട്ടിണികെട്ടു വലഞ്ഞ ധൂര്‍ത്തപുത്രന്‍ മടങ്ങിവന്നപ്പോള്‍ വയലില്‍ ജോലി ചെയ്യുകയായിരുന്ന അയാളുടെ സഹോദരന്‍, വിവരമറിഞ്ഞപ്പോള്‍ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ വിസമ്മതിച്ചു. എന്നും വിശ്വസ്തതയോടെ താന്‍ സേവിച്ചിട്ടുള്ള പിതാവ്, സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ തനിക്ക് ഒരു ആട്ടിന്‍കുട്ടിയെപ്പോലും തന്നിട്ടില്ലെന്നിരിക്കെ, അസാന്മാര്‍ഗ്ഗികതയില്‍ പൈതൃകാവകാശം നശിപ്പിച്ചു മടങ്ങിവന്ന അനുജനെ സദ്യയൊരുക്കി സ്വാഗതം ചെയ്തതിനെ അയാള്‍ വിമര്‍ശിച്ചു.

അതിന് ആ പിതാവു കൊടുത്ത മറുപടിയുണ്ട്, ‘മകനെ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്. ഇപ്പോള്‍ നമ്മള്‍ ആഹ്ലാദിക്കണം. എന്തെന്നാല്‍ നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു. ”

ജനിച്ച നാള്‍ മുതല്‍ പിതാവിനെ പരിചരിച്ചും സംരക്ഷിച്ചും കൂടെനിന്ന നല്ലവനായ മൂത്ത മകനോട് ഒരു വാക്കു പോലും ചോദിക്കാതെയാണ്, ആ മകനെ അറിയിക്കാതെയാണ് ആ പിതാവ് മുടിയനായ ഇളയമകനെ സുഗന്ധദ്രവ്യത്തില്‍ കുളിപ്പിക്കുകയും മേല്‍ത്തരം വസ്ത്രമുടുപ്പിക്കുകയും അവന്റെ തിരിച്ചുവരവിലുള്ള ആഹ്ലാദാരവങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. വീട്ടില്‍ ഇത്രയേറെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആ മകന്‍ വയലില്‍ കഷ്ടപ്പെട്ടു പണിയെടുക്കുകയായിരുന്നു. വൈകിട്ട് പണികഴിഞ്ഞു തിരിച്ചെത്തിയ മകനെ വരവേറ്റത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദമാണ്. ഇതെന്താണ് ഇത്രയും ആഘോഷം എന്നു ചോദിച്ചപ്പോള്‍ ഭൃത്യനാണ് മറുപടി നല്‍കിയത്, അനുജന്‍ ആപത്തൊന്നും കൂടാതെ മടങ്ങി വന്നതിനാല്‍ കൊഴുത്ത കാളക്കുട്ടിയെ അറുത്ത് അവന് വിരുന്നൊരുക്കുകയാണ് എന്ന്.

നല്ലവനായ ആ മകന്റെ ഹൃദയം എന്തുമാത്രം നുറുങ്ങിയിരിക്കണം! നാളതു വരെ തന്റെ പിതാവിനെ ശുശ്രൂഷിച്ച്, കുടുംബകാര്യങ്ങള്‍ നോക്കി, ധര്‍മ്മിഷ്ഠനായി ജീവിച്ച, തെറ്റായ വഴിയിലൂടെ ഒരിക്കല്‍പ്പോലും പോകാത്ത ആ മൂത്ത മകനു വേണ്ടി അന്നേവരെ ആ പിതാവ് ഒരു കാളയെയും കൊന്നിട്ടില്ല! എന്നെന്നും സ്‌നേഹിച്ചു കൂടെ നിന്നതിന് അവനെയൊന്നു ചേര്‍ത്തണച്ചില്ല!! പിതാവിന്റെ ധനത്തില്‍ ഒരു നാണയം പോലും ധൂര്‍ത്തടിച്ചില്ലെന്നു മാത്രമല്ല, തനിക്കു കഴിയുന്ന വിധത്തില്‍ അവ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടും ആ മകനെ നാളതു വരെ ഒന്നഭിനന്ദിച്ചില്ല. വയോവൃദ്ധനായിരുന്നു ആ പിതാവെന്ന് സുവിശേഷകന്‍ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരാളെ യാതൊരു കുറവുമറിയിക്കാതെ സംരക്ഷിച്ച മകനാണ് അവഗണിക്കപ്പെട്ടത്. മാറ്റിനിറുത്തപ്പെട്ടത്. അവന്‍ കൂടി അധ്വാനിച്ച പങ്കെടുത്ത് ധൂര്‍ത്തനെ സല്‍ക്കരിച്ചപ്പോള്‍ അവനോടൊരു വാക്കു പോലും പറയാനുള്ള കാരുണ്യം പോലും ആ പിതാവ് ആ മകനോടു കാണിച്ചില്ല.

മുടിയന്‍ തിരിച്ചുവന്നത് തന്റെ കൈയിലെ പണമെല്ലാം തീര്‍ന്ന് പട്ടിണി കിടന്നു ചാവാന്‍ വയ്യെന്ന അവസ്ഥയിലാണ്. സ്വന്തം സ്ഥിതി മെച്ചപ്പെട്ടാല്‍, ഇനിയും പണം കൈയില്‍ വന്നാല്‍ ധൂര്‍ത്ത വഴിയിലൂടെ ഇനിയും സഞ്ചരിക്കില്ലെന്ന് യാതൊരു ഉറപ്പുമില്ല. മരണാസന്നനായ ആ പിതാവിനെ ഉപേക്ഷിച്ച് ഇനിയും കടന്നു കളയില്ല എന്നതിനും ഉറപ്പില്ല. ഇനിയും പട്ടിണിയെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാല്‍ ഒരുപക്ഷേ, പോകില്ലായിരിക്കാം. എങ്കിലും സമാധാനത്തോടെ ജീവിക്കുന്ന ആ കുടുംബത്തില്‍ അന്ത:ഛിദ്രങ്ങള്‍ ഉണ്ടാക്കില്ലെന്നതിന് ഉറപ്പില്ല.

സത്യസന്ധനായ മകന് തന്റെ കാരുണ്യവും സ്‌നേഹവും ആവശ്യമുണ്ടെന്നും ചേര്‍ത്തണയ്ക്കപ്പെടാന്‍ അവന്‍ അതിയായി കൊതിക്കുന്നുണ്ടെന്നും ആ പിതാവ് തിരിച്ചറിഞ്ഞില്ല. വയസായ തന്നെ ഉപേക്ഷിച്ച്, സ്വന്തം സുഖവും സന്തോഷവും നോക്കി പോകാതെ, തന്നെ സംരക്ഷിച്ചു കൂടെ നിന്ന ആ മകനെ ജീവിതത്തിലൊരിക്കലെങ്കിലും ഒന്നഭിനന്ദിക്കണമെന്നും ആ പിതാവിനു തോന്നിയില്ല. ധൂര്‍ത്തടിച്ചു തിരിച്ചെത്തിയ മകനെ അത്യാഘോഷപൂര്‍വ്വം സ്വീകരിക്കുകയും അവന്റെ മടങ്ങിവരവിനെ ഉത്സവമാക്കുകയും ചെയ്ത പിതാവിന് ചേര്‍ത്തണയ്ക്കലിന്റെയും അഭിനന്ദിക്കേണ്ടതിന്റെയും മാനിക്കേണ്ടതിന്റെയും പ്രാധാന്യം അറിയാഞ്ഞിട്ടുമല്ല. എന്നിട്ടും, നന്മ ചെയ്തു കൂടെ നിന്നവനെ പാടെ അവഗണിച്ചു കളഞ്ഞു. എല്ലാ ദ്രോഹങ്ങളും ചെയ്തവനെ ചേര്‍ത്തണയ്ക്കുകയും ചെയ്തു. ഇതോ ദൈവം മുന്നോട്ടു വയ്ക്കുന്ന നീതി? ഇതോ അതിമഹത്തായ സ്‌നേഹകാവ്യം??

ഇന്നും ഈ സമൂഹത്തില്‍, പല കുടുംബങ്ങളിലും ഇതെല്ലാം നടക്കുന്നു. ആപത്തില്‍ കൂടെ നിന്നവരെ പരിഗണിക്കുക പോലും ചെയ്യാതെ, പാപി മാനസാന്തരപ്പെടുന്നതിനായി കാത്തിരിക്കുന്നു പലരും. ഇനി ദ്രോഹങ്ങളൊന്നും ചെയ്യാനുള്ള ആരോഗ്യമില്ലെന്ന ഘട്ടത്തില്‍ മടങ്ങിവരുന്നവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. അക്കാലമത്രയും സ്‌നേഹിച്ചു കൂടെ നിന്നവനെ തിരിഞ്ഞൊന്നു നോക്കുവാന്‍ പോലും തയ്യാറല്ലാത്തവര്‍.

തെറ്റു ചെയ്തവനു വേണ്ടത് തക്ക ശിക്ഷയാണ്. നിരപരാധികളെ ദ്രോഹിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഓരോ വ്യക്തിക്കും നല്‍കുന്ന താക്കീതാണത്. എത്ര തെറ്റുകള്‍ ചെയ്താലും അതിക്രൂരകൃത്യങ്ങള്‍ ചെയ്താലും ക്ഷമിക്കപ്പെടുമെന്ന ചിന്ത വന്നാല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാവുകയേയുള്ളു. നീതികേടുകളുടെ കേദാരമാകും ഈ സമൂഹം.


Leave a Reply

Your email address will not be published. Required fields are marked *