കുരയ്ക്കുന്ന പട്ടികള്‍ക്ക് കടിക്കാനുമറിയാമെന്ന് ബോധ്യമായിട്ടുണ്ടാവും

Jess Varkey Thuruthel

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സംവിധായകന്‍ രഞ്ജിത്തും (Director Renjith) A.M.M.A ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നടന്‍ സിദ്ധിക്കും രാജി വച്ചിരിക്കുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തു വന്നതിനു ശേഷം ചില നടിമാര്‍ ഇവര്‍ക്കെതിരെ നടത്തിയ ഗുരുതരമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രാജികള്‍. എന്തായാലും കുരയ്ക്കാന്‍ മാത്രമല്ല, കടിക്കാനും പട്ടികള്‍ക്ക് അറിയാമെന്ന് രഞ്ജിത്തിന് ഇപ്പോള്‍ ബോധ്യമായിക്കാണും. എന്നിരുന്നാലും ഇവര്‍ ഇപ്പോള്‍ രാജി വച്ചത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞതു പോലെ അവരുടെ മാന്യത കൊണ്ടല്ല, മറിച്ച് ഇനിയും ഈ സ്ഥാനങ്ങളിലിരുന്നാല്‍ കൂടുതല്‍ പേര്‍ പലതും വിളിച്ചു പറയുമെന്നും കൂടുതല്‍ നാറുമെന്നുമുള്ള ഭയം മൂലമുള്ള ഇറങ്ങിപ്പോക്കാണത്. അതായത് ഇവരുടെ രാജി വെറുമൊരു ഡിഫന്‍സ് മെക്കാനിസം മാത്രമാണെന്നര്‍ത്ഥം.

സിനിമയ്ക്കുള്ളിലെ പവര്‍ ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതിനു പകരം കുറ്റാരോപിതരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചിരിക്കുന്ന നയം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും എന്തു തന്നെ ആയാലും നാലര വര്‍ഷം ഈ റിപ്പോര്‍ട്ട് പുറത്തു വിടാതെ കളങ്കിതരെ സംരക്ഷിക്കുകയായിരുന്നു. റിപ്പോര്‍ട്ട് ഭാഗികമായി പുറത്തു വന്നതിനു ശേഷവും കളങ്കിതരെ ഏതുവിധേനയും സംരക്ഷിച്ചു പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. ഇനിയും അതു തുടര്‍ന്നാല്‍ ജനങ്ങളപ്പാടെ തങ്ങള്‍ക്കെതിരാവുമെന്ന് തിരിച്ചറിഞ്ഞതോടെയാവണം രഞ്ജിത്തിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ സ്വമേധയാ രാജി വയ്ക്കുന്നുവെന്നുമാണ് രഞ്ജിത്തിന്റെ നിലപാട്. സംഘടനയില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നല്ല തന്റെ രാജി എന്ന് സിദ്ധിക്കും വെളിപ്പെടുത്തുന്നു. സംഭവം എന്തു തന്നെ ആയാലും ഇനിയും പദവിയില്‍ തുടരുക എന്നത് രണ്ടുപേരെയും കുഴപ്പങ്ങളിലേക്കു നയിക്കുകയേയുള്ളുവെന്ന് ഇവര്‍ക്ക് നന്നായി അറിയാം.

രഞ്ജിത്തിനെതിരായ ആരോപണം വന്നപ്പോള്‍ രക്ഷയ്‌ക്കെത്തിയ വ്യക്തിയാണ് സിദ്ധിഖ്. ഏറ്റവും വലിയ ക്രിമിനലാണ് സിദ്ധിഖ് എന്ന വെളിപ്പെടുത്തലുകള്‍ ഉടന്‍ തന്നെയുണ്ടായി. രഞ്ജിത്തിനെയും സിദ്ധിഖിനെയും പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍, മുകേഷ്, ജോമോള്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. ഇന്‍ഡസ്ട്രിയില്‍ ഇത്രയും വലിയ കോളിളക്കമുണ്ടായിട്ടും യാതൊന്നുമറിയില്ലെന്ന ഭാവത്തില്‍ പ്രതികരിക്കാതിരിക്കുന്ന സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും മൗനവും സംശയകരമാണ്. ആശുപത്രിയിലായതിനാലാണ് പ്രതികരിക്കാത്തത് എന്ന മറുവാദമുന്നയിക്കുന്ന മോഹന്‍ലാല്‍ അമ്മ ഷോയ്ക്കു വേണ്ടി റിഹേഴ്‌സലിന് എത്തിയിരുന്നു.

കലയോടുള്ള ആരാധന മൂലമോ അല്ലാതെയോ മലയാള സിനിമയിലേക്ക് എത്തിപ്പെടുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും എക്കാലവും തങ്ങളുടെ കാല്‍ക്കീഴില്‍ വച്ചു ഞെരിക്കാമെന്നുള്ള താരരാജാക്കന്മാരുടെ മാടമ്പിത്തരത്തിന്റെ ചെകിട്ടത്താണ് അടി വീണത്. തങ്ങള്‍ക്കു വഴങ്ങുന്നവരെ വാഴിച്ചും അല്ലാത്തവരെ വെട്ടിവീഴ്ത്തിയും അവര്‍ ഈ രംഗത്ത് അജയ്യരായി തുടരുമായിരുന്നു. ഇതെല്ലാം മാറ്റിമറിച്ചത് ആ ബലാത്സംഗക്കൊട്ടേഷനിലൂടെയാണ്. വൈരാഗ്യം തീര്‍ക്കുന്നതിനു വേണ്ടി ബലാത്സംഗം ചെയ്യാന്‍ ആളെ വാടകയ്‌ക്കെടുക്കുക എന്ന നാളതു വരെ കേട്ടിട്ടില്ലാത്ത തരം കുറ്റകൃത്യത്തിനാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത്. അന്നുമുതലിന്നോളം സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത് നെറികേടിന്റെ കഥകളാണ്.

പണവും അധികാരലുമുള്ളവര്‍ക്കെതിരെ യാതൊന്നും ചെയ്യാനാകില്ലെന്നും തങ്ങള്‍ നിസ്സഹായരാണെന്നും കരുതി കഴിഞ്ഞിരുന്ന നടികള്‍ക്ക് പ്രതികരിക്കാനുള്ള ധൈര്യം കൈവരികയായിരുന്നു. സിനിമാ മേഖലയിലെ ക്രിമിനലുകളെ കണ്ടെത്തണമെന്ന സമൂഹത്തില്‍ നിന്നുള്ള ആവശ്യം കൂടി ശക്തമായതോടെ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയെ നിയോഗിച്ചു. 2019 ഡിസംബര്‍ 31 ന് സര്‍ക്കാരിനു സമര്‍പ്പിച്ച ആ റിപ്പോര്‍ട്ട് ഭാഗികമായിട്ടാണെങ്കിലും ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നു. എന്നിട്ടും കുറ്റാരോപിതരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്.

പോലീസില്‍ പരാതി കൊടുക്കണമത്രെ! പരാതിയില്ലാതെ എങ്ങനെ കേസ് അന്വേഷിക്കുമത്രെ!! ഹേമ കമ്മറ്റിക്കു മുമ്പാകെ അവര്‍ അന്ന് മൊഴി കൊടുക്കാന്‍ തന്നെ കാരണം തങ്ങളുടെ ഐഡന്റിറ്റി ഒരിക്കലും പുറത്തു വരില്ല എന്ന ധൈര്യത്തിലാണ്. അതുകൊണ്ടു മാത്രമാണ് ഇത്രയേറെ വെളിപ്പെടുത്തലുകള്‍ അവര്‍ നടത്തിയിട്ടുള്ളതും. ആ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം സര്‍ക്കാരിന്റെ കൈവശമുണ്ട്. കുറ്റാരോപിതര്‍ ആരെല്ലാമാണെന്ന് സര്‍ക്കാരിന് അറിയുകയും ചെയ്യാം. എന്നിട്ടും പരാതിയുണ്ടെങ്കിലേ അന്വേഷിക്കുകയുള്ളത്രെ!

സിനിമയ്ക്കുള്ളിലെ വന്‍ ശക്തിക്കെതിരെ പരാതിയുമായി വരുന്ന പക്ഷം പരാതിക്കാര്‍ മാത്രമല്ല അവരുടെ കുടുംബം പോലും ഈ ഭൂമുഖത്ത് ഉണ്ടാകില്ലെന്ന കാര്യം വ്യക്തമാണ്. പരാതി പറയാന്‍ ആരെങ്കിലും ജീവനോടെ ശേഷിച്ചാല്‍ മാത്രമല്ലേ കേസിനും പ്രസക്തിയുണ്ടാകുകയുള്ളു. പരാതിക്കാരില്ലാതെ കേസെടുക്കില്ലെന്നു വാശി പിടിക്കുന്നവരുടെ ആവശ്യം പരാതിക്കാരുടെ വായടപ്പിക്കുക എന്നതു തന്നെയാണ്. പോലീസില്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ ആ നിമിഷം അത് ആരെന്ന് എല്ലാവരും അറിയും. അതോടെ ഇരയുടെ സ്വകാര്യത തെരുവില്‍ വലിച്ചെറിയപ്പെടും. പിന്നെ കൊലവിളികളും അശ്ലീലം വിളികളുമായി അവരുടെ വായടപ്പിക്കാനും പരാതി പിന്‍വലിപ്പിക്കാനും കഴിയും. അതു കൊണ്ടും സാധിച്ചില്ലെങ്കില്‍ കൊന്നുകളയാനും.

മദ്യവും മയക്കു മരുന്നും മാംസക്കച്ചവടവും അരങ്ങുവാഴുന്ന സിനിമാമേഖല ശുദ്ധീകരിക്കപ്പെടുക തന്നെ വേണം. കിടന്നു കൊടുക്കാനും കൂട്ടിക്കൊടുക്കാനുമുള്ള മനസല്ല, അഭിനയ മികവു തന്നെയാവണം മാനദണ്ഡം. സ്വന്തം അന്തസും ആത്മാഭിമാനവും അടിയറ വയ്ക്കാതെ ജോലി ചെയ്യാന്‍ കഴിയണം. അതിന് മറ്റേതൊരു തൊഴില്‍ മേഖലയുമെന്നപോലെ തന്നെ സിനിമാ മേഖലയും ശുദ്ധീകരിക്കപ്പെടണം.

(Short: The resignation of director Renjith from Film Academy and Siddique from AMMA general secretary is for defending more allegations against them. Investigations must be started on the basis of the allegations against them and the others in the industry.)

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *