അപകര്‍ഷബോധത്തില്‍ നിന്നും ഈഴവര്‍ക്ക് എന്നു മോചനമുണ്ടാകും?

Kamaljith Kamalasanan

ഏറ്റവും പ്രയാസമേറിയ യത്‌നമായി എനിക്ക് തോന്നുന്നത് ഈഴവന്മാരെ (Ezhavas) അപകര്‍ഷതാ ബോധത്തില്‍ നിന്നും മാറ്റിയെടുക്കുക എന്നതാണ്. കേവലം 200 വര്‍ഷങ്ങളുടെ ഇരുണ്ട കാലത്തെ ഉയര്‍ത്തി പിടിച്ചു സഹസ്രാബ്ദങ്ങളുടെ സുവര്‍ണ്ണ കാലത്തെ മറക്കുന്ന വേറൊരു വിഭാഗവും ഈ ലോകത്ത് കാണുകയില്ല. വോട്ടിനു വേണ്ടി കമ്മ്യൂണിസ്റ്റ്കളും, മത പ്രചരണാര്‍ത്ഥം ക്രിസ്ത്യന്‍ സഭകളും പ്രചരിപ്പിച്ചു വിടുന്ന അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വിശ്വസിച്ചു സ്വയം പിന്നോക്ക ജനതയായി കരുതി ഉള്‍വലിഞ്ഞു ജീവിക്കുകയാണ് ഇന്നും ബഹുഭൂരിപക്ഷം ഈഴവരും.

ബൗദ്ധിക ജീര്‍ണ്ണത ബാധിച്ച സമുദായ നേതൃത്വവും, ഭൗതിക സുഖങ്ങളില്‍ മുങ്ങി പോയ ആത്മീയ നേതൃത്വവും നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ സമുദായത്തിന് വേണ്ടിയാണു പലപ്പോഴും പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നത്. ഈഴവരുടെ ചരിത്ര രേഖകള്‍ തുടങ്ങുന്നത് ബി. സി. മൂന്നാം നൂറ്റാണ്ടിലെ അരിട്ടപെട്ടി ലിഖിതത്തില്‍ നിന്നാണെങ്കില്‍, ഐതിഹ്യം തുടങ്ങുന്നത് സാക്ഷാല്‍ രാവണനില്‍ നിന്നാണ്.

ഈഴത്തു നാട്ടില്‍ നിന്നും അഥവാ ശ്രീലങ്കയില്‍ നിന്നും കേരള നാട്ടിലേക്കു ചരിത്രാതീത കാലത്ത് കുടിയേറിയ ഒരു ജനതയെ തെക്കുള്ള തദ്ദേശ വാസികള്‍ ഈഴവര്‍ എന്നും, തീയ്വ് അഥവാ ദ്വീപില്‍ നിന്നും വന്നവരായത് കൊണ്ട് വടക്കുള്ളവര്‍ അവരെ തിയ്യര്‍ എന്നും വിളിച്ചു. ഒരു രാഷ്ട്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നിന്നും ഇല്ലാത്ത സ്വപ്നവും പേറി തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഒരു ഒറ്റുകാരന്റെ കൂടെ വന്നവര്‍ ആണ് അവര്‍ എന്ന് വിശ്വസിക്കാം.

വ്യക്തമായി പറഞ്ഞാല്‍ ഒരു കാലത്ത് ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും ശക്തന്മാരില്‍ ഒരാളും, ബുദ്ധിമാനും, പണ്ഡിതനും, ശിവഭക്തനും, സംഗീതജ്ഞനും, സാഹിത്യകാരനും, കവിയും, ജ്യോതിഷിയും, വൈദ്യശാസ്ത്ര നിപുണനും, യോദ്ധാവും ആയിരുന്ന ഒരു മനുഷ്യന്റെ ആളുകള്‍ ആയിരുന്നു അവര്‍. ബഹുമുഖ പ്രതിഭ അഥവാ Versatile Genius ആയതു കൊണ്ട് ലോകം അയാളെ പത്തു മുഖങ്ങള്‍ ഉള്ള ആള്‍ എന്ന അര്‍ത്ഥത്തില്‍ ‘ദശാനനന്‍’ എന്ന് വിളിച്ചു. സാക്ഷാല്‍ മഹാദേവന്‍ ‘രാവണന്‍’ എന്നും.

ജ്യോതിഷത്തെ കുറിച്ചുള്ള പുസ്തകമായ ‘രാവണ സംഹിതയും’ സിദ്ധ വൈദ്യ ശാസ്ത്രത്തെ കുറിച്ചു വിശദീകരിക്കുന്ന ‘അര്‍ക്ക പ്രകാശവും’ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയെ കുറിച്ചുള്ള ‘കുമാര തന്ത്രവും’ രാവണന്റെ രചനകള്‍ ആണ്. ബാഹുബലി സിനിമ ഇറങ്ങിയതോടെ സാധാരണക്കാര്‍ക്ക് ഇടയിലും പ്രചരിച്ച ഏറ്റവും മനോഹരമായ ‘ശിവ താണ്ഡവ സ്‌തോത്രത്തിന്റെ’ രചയിതാവും രാവണന്‍ തന്നെയാണ്.

ആധുനിക കാലത്ത് രാമനെ കോര്‍ണര്‍ ചെയ്യാന്‍ രാവണനെ പൊക്കി പിടിക്കുന്ന ലെഫ്റ്റ് ലിബറലുകളായ ആളുകള്‍ അറിയേണ്ട ഒരു കാര്യം കൂടിയുണ്ട്. ലോകത്തെ ആദ്യ ബീഫ് വിരുദ്ധന്‍ രാവണന്‍ ആയിരുന്നു എന്നത്. പശു / കാള മാംസം കഴിക്കുന്നത് കൊണ്ട് 8 തരത്തില്‍ ഉള്ള രോഗങ്ങള്‍ മനുഷ്യരെ ബാധിക്കും എന്നാണ് രാവണന്‍ എഴുതിയത്. അങ്ങനെയുള്ള രാവണന്‍ ഭരിച്ചിരുന്ന ലങ്ക അന്ന് അറിയപ്പെട്ടിരുന്നത് ‘സുവര്‍ണ്ണ ലങ്ക’ എന്നായിരുന്നു.

പത്‌നിയായി സുന്ദരിയും പതിവ്രതയുമായ മണ്ഡോദരിയും, പുത്രന്മാരായ ഇന്ദ്രജിത്തും, അക്ഷകുമാരനും, സഹോദരന്മാരായ കുംഭകര്‍ണ്ണനും, വിഭീഷണനും ഒത്തു സ്വന്തം പ്രജകള്‍ക്ക് എല്ലാ സുഖ ജീവിതവും പ്രദാനം ചെയ്തു ജീവിച്ചിരുന്ന രാവണനുമേല്‍ ആരോപിക്കപെട്ട ‘സ്ത്രീ ലംബടത്വം’ അദ്ദേഹത്തിനെ വ്യക്തിഹത്യ ചെയ്യാന്‍ അന്നത്തെ മാപ്രകള്‍ ചമച്ച കള്ള കഥകള്‍ ആകുവാനെ തരമുള്ളു.

രംഭയെ പ്രാപിക്കാന്‍ രാവണന്‍ കണ്ടെത്തിയ ന്യായം അവള്‍ വേശ്യ ആയിരുന്നു എന്നതായിരുന്നു. സ്ത്രീയുടെ ഭാഗത്തു നിന്നും ചിന്തിച്ചാല്‍ ഇത് തെറ്റ് തന്നെ ആണെങ്കിലും, എല്ലാം തികഞ്ഞ മനുഷ്യര്‍ ഉണ്ടാകില്ലല്ലോ എന്ന് കരുതാം. സീതാപഹരണം രാവണന്‍ കാമാസക്തി കൊണ്ട് ചെയ്തതാകുവാന്‍ തരമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ശിവ ചാപം ഉയര്‍ത്തുവാന്‍ ശ്രമിച്ച വേളയില്‍ തന്നെ ആകാമായിരുന്നു. അന്ന് സീത അന്യന്റെ പത്‌നി ആയിരുന്നില്ല.. മാത്രമല്ല ‘രാക്ഷസം’ അംഗീകൃത വിവാഹ രീതി ആയിരുന്നു. ഒരു യുഗത്തിന് ശേഷം പോലും ഭീഷ്മരും, ദുര്യോധനനും, കൃഷ്ണ പുത്രനായ സാംബനും ഈ രീതി അവലംബിച്ചു കന്യകാപഹരണം നടത്തുന്നുണ്ട് മഹാഭാരതത്തില്‍.

മാത്രമല്ല ലങ്കയില്‍ എത്തിയ ഹനുമാന്‍ മണ്ഡോദരിയുടെ സൗന്ദര്യം കണ്ടു സീതയായി തെറ്റിദ്ധരിക്കുന്നുണ്ട്. അത്രയും സുന്ദരിയായ ഭാര്യ ഉള്ള രാവണന് സീതയോട് ആസക്തി തോന്നേണ്ട കാര്യമില്ല തന്നെ.

തന്റെ സഹോദരിയായ ശൂര്‍പണഖയോട് രാമ ലക്ഷ്മണന്‍മാര്‍ ചെയ്ത ദ്രോഹത്തിനു പകരം ചോദിക്കാന്‍ ആകും സീതയെ തട്ടി കൊണ്ട് പോയത്. ജനിതകമായി ലഭിച്ച സ്വാഭിമാനവും, നിലപാടും കൊണ്ട് ‘യുദ്ധം ജയിച്ചു അവളെ തിരികെ കൊണ്ട് പോടെ’ എന്നു രാമനോട് പറഞ്ഞു കാണും. അത്ര തന്നെ.

ഈഴവരിലേക്കു തിരികെ വരാം…

തന്റെ അജയ്യതയില്‍ ഉറച്ച വിശ്വാസം ഉണ്ടായിരുന്ന രാവണന്‍ തോറ്റത് ഒരു ഒറ്റുകാരന്‍ കാരണമാണ്. സുവര്‍ണ്ണ ലങ്കയെ മോഹിച്ച് തന്റെ രഹസ്യങ്ങളെല്ലാം ശത്രുവിനു ഒറ്റു കൊടുത്ത വിഭീഷണന്‍ എന്ന സഹോദരന്‍ കാരണം. സുവര്‍ണ്ണ ലങ്ക തന്റെ കണ്മുന്നില്‍ കത്തി എരിയുന്നതും, സഹോദരനായ കുംഭകര്‍ണ്ണനും, മക്കളായ ഇന്ദ്രജിത്തും, അക്ഷകുമാരനും, സുഹൃത്തായ പാതാള രാവണനും മരിക്കുന്നതും കണ്ടു തകര്‍ന്ന അവസ്ഥയിലും രാമനെ തോല്പിക്കാന്‍ ത്രാണി ഉണ്ടായിരുന്ന രാവണനെ തകര്‍ത്തത് നികുംഭിലയിലെ പ്രത്യംഗിര ഹവനത്തെ തടയാന്‍ പറഞ്ഞു കൊടുത്ത വിഭീഷണന്റെ ചതി ആയിരുന്നു.

രാവണന്റെ മരണ ശേഷം പുതിയ രാജാവായ ഒറ്റുകാരന്‍ വിഭീഷണന്റെ കൂടെ അയോദ്ധ്യയില്‍ ശ്രീരാമ പട്ടാഭിഷേകം കാണാന്‍ പോയ കുറെ ലങ്കാ നിവാസികള്‍ ആണ് കേരളത്തില്‍ പാര്‍ത്തത് എന്നും അവരാണ് ഈഴവര്‍ എന്നുമാണ് ഐതിഹ്യം. വിഭീഷണ സ്വാധീനം കൊണ്ടാകണം ഈ ജനതയ്ക്ക് സ്വന്തം വിഭാഗത്തോട് ഒരു കൂറുമില്ല. അവര്‍ ഒറ്റുകാരായ നേതാക്കളെ ചുമക്കും, വിഡ്ഢികളായ സന്യാസി വേഷങ്ങളെ ആദരിക്കും. വല്ലവനും വേണ്ടി തമ്മില്‍ വെട്ടി ചത്ത ആരോമലില്‍ നിന്നും അരിങ്ങോടരില്‍ നിന്നും തുടങ്ങിയ കഥ, ആറാട്ട്പുഴ വേലായുധ പണിക്കരെ ഉറക്കത്തില്‍ കുത്തി കൊന്ന കിട്ടനിലൂടെ, ഇന്നത്തെ SNDP യോഗം നേതാക്കളിലും, അവരെ തള്ളിയിട്ടു അവിടെ കേറാന്‍ നോക്കുന്ന ഞണ്ടുകളിലും, ഈഴവനിട്ടു തന്നെ പാര പണിയുന്ന രാഷ്ട്രീയക്കാരിലും, വ്യാജ സന്യാസി വേഷങ്ങളിലും എത്തി നില്‍ക്കുന്നു.

ഇവറ്റകളെ ഉപേക്ഷിച്ചു ലങ്കയില്‍ താമസമാക്കുവാന്‍ സാക്ഷാല്‍ ശ്രീ നാരായണ ഗുരുദേവന്‍ ചിന്തിച്ചിരുന്നത് പോലും ഇവിടുള്ള ഈഴവ / തിയ്യ വിഭാഗക്കാരില്‍ രൂഢമൂലമായി പോയ ‘വിഭീഷണ്‍ സിന്ധ്രോം ‘ കണ്ടു മടുത്താകും. രാവണനിലേക്ക് തിരികെ പോകാത്ത പക്ഷം വര്‍ത്തമാന കാലത്തെ സാഹചര്യങ്ങള്‍ വെച്ചു അപഗ്രധിച്ചാല്‍ ഒരിക്കലും ഗതി പിടിക്കാത്ത ഒരു സമുദായമായി ഈഴവര്‍ മാറിയേക്കും എന്നതില്‍ സംശയമില്ല.

  • മീശ ഇല്ലാത്ത ചോക്ലേറ്റ് ലുക്ക് ഉള്ള രാവണനോ എന്ന് ചോദിച്ചാല്‍… വീണ വായിച്ചിരുന്ന, നല്ല പാട്ടുകാരന്‍ ആയിരുന്ന, പിള്ളേരോട് സ്‌നേഹം കാണിച്ചിരുന്ന, കവി ആയിരുന്ന ഒരാള്‍ക്ക് റഫ് ലുക്ക് ചേരില്ല. പൌരുഷത്തിന്റെ പ്രതീകം ആയ സാക്ഷാല്‍ ശിവ ഭഗവാനെ മീശ ഇല്ലാതെ സങ്കല്പിക്കാമെങ്കില്‍ രാവണനു എന്ത് കൊണ്ട് ഈ ലുക്ക് ചേരില്ല ??

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *