ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കളമശേരി രാജഗിരി ഔട്ട് റീച്ച്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ് എന്നിവയുടെ പങ്കാളിത്വത്തോടു കൂടി എല്ലാവര്‍ഷവും ഏപ്രിലില്‍ നടത്താറുള്ള ജൈവ കാര്‍ഷിക മേള (ജൈവകാര്‍ഷികോത്സവം 2018) ഇന്ന്, ഏപ്രില്‍ 10, 2018 ന് രാവിലെ 10 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ബഹുമാനപ്പെട്ട കൊച്ചി മേയര്‍ ശ്രീമതി സൗമിനി ജെയിന്‍ ഉത്ഘാടനം ചെയ്തു. ഡോ എം പി സുകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ജൈവ കാര്‍ഷിക മേളയെ പരിചയപ്പെടുത്തല്‍ ശ്രീ എം എം അബ്ബാസ് നിര്‍വ്വഹിച്ചു. ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഫസര്‍ എം കെ പ്രസാദ് ജൈവ കൃഷിയുടെ ചരിത്ര പശ്ചാത്തലം വിശദീകരിച്ചു.
പ്രശസ്ത കവി രാജീവ് ആലുങ്കല്‍, ഔഷധി ചെയര്‍മാന്‍ ഡോ കെ ആര്‍ വിശ്വംഭരന്‍, ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ജെ ജേക്കബ്, ഗോവ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ ക്ലോഡ് ആല്‍വാരിസ്, കണയന്നൂര്‍ ഗ്രാമീണ വികസന ബാങ്ക് പ്രസിഡന്റ് ശ്രീ എം ഇ ഹസൈനാര്‍, രാജഗിരി ഔട്ട്‌റീച്ച് ഡയറക്ടര്‍ മീന കുരുവിള തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മേളയ്ക്കു മുന്നോടിയായി നടന്ന പോസ്റ്റര്‍ രചനാ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് കവി രാജീവ് ആലുങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കൊച്ചിയെ പൂര്‍ണ്ണമായും മാലിന്യവിമുക്തമാക്കുമെന്നും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കി. കൊച്ചി രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന ജൈവ കാര്‍ഷികോത്സവം 2018 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കേരളീയര്‍ കൃഷിയില്‍ നിന്നും അകന്നുപോയതുകൊണ്ടാണ് രോഗങ്ങള്‍ ക്രമാധീതമായി വര്‍ദ്ധിക്കുന്നതെന്നും സൗമിനി ജെയിന്‍ പറഞ്ഞു.
വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ഡോക്ടറുടെ അടുത്തേക്കുള്ള സന്ദര്‍ശനങ്ങള്‍ കുറയ്ക്കാനാകും. വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും മടി മൂലം ഒഴിവാക്കി, വെളിയില്‍ രോഗാതുരമായ സാഹചര്യത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണ വിഭവങ്ങളോടാണ് ജനങ്ങള്‍ക്കു താല്‍പര്യം. ജനങ്ങളുടെ ഈ മടിയാണ് നിരവധി രോഗങ്ങള്‍ക്കു കാരണമെന്നും അവര്‍ പറഞ്ഞു. ‘വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയ നിരവധി ഭക്ഷ്യവിഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിക്കുകയും നടപടി എടുക്കുകയും ചെയ്യുന്നുവെങ്കിലും ജനങ്ങള്‍ അതൊന്നും ശ്രദ്ധിക്കാറേയില്ല. വീണ്ടും വീണ്ടും അത്തരം ഭക്ഷണസാധനങ്ങള്‍ തന്നെ അവര്‍ ഉപയോഗിക്കുന്നു. ജനങ്ങളുടെ ഇത്തരം ശീലങ്ങളാണ് സമൂഹത്തിലെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അവര്‍ വ്യക്തമാക്കി.
ജൈവകൃഷി ലാഭകരമാണോ, ഈ കൃഷി ഉപയോഗിച്ച് ആവശ്യമായതെല്ലാം ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കുമോ എന്നീ വിഷയങ്ങള്‍ ഈ മേളയുടെ ഭാഗമായി നടത്തപ്പെടുന്ന സെമിനാറില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ജൈവ കാര്‍ഷികോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ എം എം അബ്ബാസ് മേള പരിചയപ്പെടുത്തിക്കൊണ്ട് വ്യക്തമാക്കി.
മനുഷ്യന്‍ കൃത്രിമ വളങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണെന്നും അന്നുമുതലാണ് മനുഷ്യനില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും പ്രൊഫ എം കെ പ്രസാദ് പറഞ്ഞു. ശരീരത്തിലുള്ള ശത്രുകീടങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മനുഷ്യശരീരത്തെ കീഴ്‌പ്പെടുത്താതിരിക്കാന്‍ ജനങ്ങള്‍ ജൈവ ഭക്ഷണം ശീലമാക്കണമെന്നും അതിനായി ജൈവകൃഷി ആരംഭിക്കണമെന്നും ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ തന്റെ മുഖ്യ പ്രഭാഷണത്തില്‍ ആഹ്വാനം ചെയ്തു.
ജൈവകാര്‍ഷിക മേളയുടെ ഉത്ഘാടനത്തോടെ ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും രാജേന്ദ്രമൈതാനിയില്‍ ആരംഭിച്ചു. ഇത് ഏപ്രില്‍ 13 ന് രാത്രി 8 മണി വരെ തുടരും. ഏപ്രില്‍ 12-ാ തീയതി ജൈവകര്‍ഷകരും ജൈവ ഉല്‍പ്പന്ന വിപണനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തുറന്ന ചര്‍ച്ചയും ഏപ്രില്‍ 13-ാം തീയതി കാര്‍ഷിക സംഗമവും ജൈവകൃഷി പരിശീലനവും നടത്തപ്പെടും. എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികളും ഉണ്ടായിരിക്കും.